പാക് ബൗളിങ്ങിന് ഇനി പുതിയ കരുത്ത് ; തലപ്പത്ത് പഴയ പടക്കുതിരകള്‍
Criket News
പാക് ബൗളിങ്ങിന് ഇനി പുതിയ കരുത്ത് ; തലപ്പത്ത് പഴയ പടക്കുതിരകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 7:59 pm

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പുതിയ ബൗളിങ് കോച്ചുമാരെ നിയമിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പുരുഷ ടീമിന്റെ ഫാസ്റ്റ് ബൗളിങ് പരിശീലകനായി ഉമര്‍ ഗുലിനെയും സ്പിന്‍ ബൗളിങ് പരിശീലകനായി സയീദ് അജ്മലിനെയുമാണ് പാകിസ്ഥാന്‍ നിയമിച്ചത്.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കും ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കും ഇവര്‍ ടീമിനൊപ്പം ചേരും.

മുമ്പ് അഫ്ഗാനിസ്ഥാനും ന്യൂസിലാന്‍ഡിനും എതിരായ മൂന്ന് ടി-20 ഐ സീരീസില്‍ ഉമര്‍ ഗുല്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ പതിപ്പില്‍ ക്വേറ്റ ഗാഡിയേറ്റേഴ്‌സിനൊപ്പമായിരുന്നു ഗുല്‍. കൂടാതെ 2022ലെ ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാകിസ്ഥാനുവേണ്ടി 47 ടെസ്റ്റുകളും 130 ഏകദിനങ്ങളും 60 ടി 20കളും കളിച്ച ഗുല്‍ 650 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

‘പാക്കിസ്ഥാന്‍ ടീമിന്റെ ഫാസ്റ്റ് ബൗളിങ് കോച്ചായി ചേരുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. ടീമിനായി പേസര്‍മാര്‍ക്കൊപ്പം ഞാന്‍ പ്രയത്‌നിക്കും ,’ ഗുല്‍ പി.സി.ബിയോട് പറഞ്ഞു.

സ്പിന്‍ ബൗളിങ് കോച്ചായി നിയമിച്ച സയീദ് അജ്മല്‍ രാജ്യത്തിനായി 35 ടെസ്റ്റുകളും 113 ഏകദിനങ്ങളും 64 ടി20കളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 447 വിക്കറ്റുകളാണ് സയീദിന്റെ സമ്പാദ്യം. പി.സി.എല്ലില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡിന്റെ ഭാഗമായിരുന്നു.

‘ഇതെനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. എന്റെ കരിയറും കോച്ചിങ് എക്‌സ് പീരിയന്‍സും സ്പിന്നേഴ്‌സിന് സഹായകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സയീദ് പറഞ്ഞു.

പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ബൗളിങ് കോച്ച് സ്ഥാനത്തുനിന്ന് മോണി മോര്‍ക്കല്‍ രാജിവെച്ചിരുന്നു. ആറുമാസത്തെ കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് മോര്‍ക്കല്‍ രാജിവെച്ചത്.

content highlight : PCB appoints Umar Gul and Saeed Ajmal as fast bowling and spin bowling coaches