'ഒന്നും സംഭവിക്കണം എന്ന് വിചാരിച്ച് പറഞ്ഞതല്ല, പക്ഷേ അത് ഏറ്റു'; സജി ചെറിയാന്റെ രാജി തന്റെ ശാപമാണെന്ന് ചിലര്‍ പറഞ്ഞു: ഉഷ ജോര്‍ജ്
Kerala News
'ഒന്നും സംഭവിക്കണം എന്ന് വിചാരിച്ച് പറഞ്ഞതല്ല, പക്ഷേ അത് ഏറ്റു'; സജി ചെറിയാന്റെ രാജി തന്റെ ശാപമാണെന്ന് ചിലര്‍ പറഞ്ഞു: ഉഷ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2022, 8:37 pm

തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവെച്ചത് തന്റെ ശാപമാണെന്ന് ചിലര്‍ പറഞ്ഞെന്ന് പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ശാപം ഉണ്ടാകണം എന്ന് കരുതി ഒന്നും പറഞ്ഞില്ലെന്നും എന്നാലത് ഏറ്റു എന്നും ഉഷ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

ട്രോളുകളൊക്കെ കാണുന്നുണ്ടായിരുന്നു. പക്ഷേ, മാതാവിന്റെ കൊന്തയെപ്പറ്റി മോശം പറയുന്നത് കാണുമ്പോള്‍ വിഷമമുണ്ടായി. മുഖ്യമന്ത്രിയെ വെടിവെക്കും എന്ന് പറഞ്ഞത് അത്രയ്ക്ക് വിഷമമുണ്ടായിട്ടായിരുന്നു. 10- 20 വയസ് മുതല്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാതെ ഇതിനുവേണ്ടി തുടങ്ങിയ ഒന്നല്ല. പ്രാര്‍ത്ഥന തുടരാന്‍ തന്നെയാണ് തീരുമാനം.

ഒരു മനുഷ്യനെ കൊല്ലാതെ കൊല്ലുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പുള്ളിയെ മാനസികമായി തളര്‍ത്താനാണ് അവര്‍ ഉദ്ദേശിക്കുത്. ഞാന്‍ എങ്ങനെയാണ് അന്ന് പ്രതികരിച്ചത് എന്നത് എനിക്ക് അറിയില്ല. വീട്ടിലെ പിള്ളേരെ പോലും വിഷമിച്ചിരിക്കുകയാണ്. അപ്പപ്പനെ വിടണേ എന്ന് കൊച്ചുമകളും പ്രാര്‍ത്ഥിക്കാറുണ്ടെന്നും ഉഷ പറഞ്ഞു.

പി.സി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഉഷ ജോര്‍ജിന്റെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം എന്ന തരത്തിലായിരുന്നു ഉഷാ ജോര്‍ജ് പ്രതികരിച്ചത്.

‘ഇത്രയും നാള്‍ ഒരു ചാനലിലും ഞാന്‍ വന്നിട്ടില്ല, എനിക്കത് ഇഷ്ടമല്ല. എനിക്ക് പുള്ളിയുടെ പിറകില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. മുന്നില്‍ നില്‍ക്കുന്ന ഒരാളല്ല ഞാന്‍. പുള്ളിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി അടങ്ങിയൊതുങ്ങി മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍.

ശരിക്ക് പറഞ്ഞാല്‍ എനിക്കയാളെ (മുഖ്യമന്ത്രി) വെടിവെച്ച് കൊല്ലണം എന്നാണ്. നിങ്ങളിത് ചാനലിലൂടെ വിട്ടാലും എനിക്ക് കുഴപ്പമില്ല. ഇതുപോലെ ഒരു കുടുംബത്തെ തകര്‍ക്കുന്ന അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടെ ഇരിക്കുന്നുണ്ട്. ഒരാഴ്ചക്കകം അയാള്‍ അനുഭവിക്കും,” എന്നായിരുന്നു അവര്‍ പറഞ്ഞത്.