'അവരുടെ ഭര്‍ത്താക്കന്‍മാരാണ് പോയി അടിച്ചിരുന്നതെങ്കില്‍ ഞാന്‍ കയ്യടിച്ചേനെ, സ്ത്രീകള്‍ ആയുധമെടുക്കേണ്ട'; പി.സി ജോര്‍ജ്
Kerala News
'അവരുടെ ഭര്‍ത്താക്കന്‍മാരാണ് പോയി അടിച്ചിരുന്നതെങ്കില്‍ ഞാന്‍ കയ്യടിച്ചേനെ, സ്ത്രീകള്‍ ആയുധമെടുക്കേണ്ട'; പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th September 2020, 9:18 pm

തിരുവന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. അവരുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി. നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിക്കുമായിരുന്നെന്നും സ്ത്രീകള്‍ ആയുധമെടുക്കേണ്ടെന്നും പി.സി ജോര്‍ജ് മനോരമയുടെ ചര്‍ച്ചയില്‍ പറഞ്ഞു.

ഭാരതത്തിലെ സ്ത്രീകള്‍ സീതാദേവികളാണെന്നും കേസെടുക്കാത്ത പൊലീസുകാരെയാണ് കുറ്റം പറയേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീകളോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും തെറ്റ് ചെയ്താല്‍ സ്ത്രീ പുരുഷ വ്യത്യാസം കാണിക്കാറില്ലെന്നും പി.സി ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

‘രാവിലെ എത്രയോ സ്ത്രീകളാണ് എന്റെ പക്കല്‍ നിവേദനവുമായി വരുന്നത്. ഒറ്റക്കല്ലേ അവര്‍ വരുന്നത്. ഇന്നേവരെ ഒരു സ്ത്രീ പോലും എനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ഇത്തരം ആളുകള്‍ക്ക് അടി കൊടുക്കണമെന്നതുതന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍ മഷി ഒഴിക്കലും ചീത്ത വിളിക്കലും എല്ലാം തെറ്റാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല’, പി.സി ജോര്‍ജ് പറഞ്ഞു.

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് നിരവധിപേരാണ് രംഗത്തുവന്നത്. എഴുത്തുകാരി സുഗതകുമാരി, ആരോഗ്യമന്ത്രി കെ.കെ ശൈലജ എന്നിവര്‍ പിന്തുണ അറിയിച്ചിരുന്നു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും പ്രവൃത്തിയെ അഭിനന്ദിച്ചിരുന്നു.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് മഷി ഒഴിക്കുകയും ചെയ്തിരുന്നു. ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George reacting to bagyalakshmis protest against vijay p nair