എന്നെ പിടിച്ച് ജയിലിലിട്ടത് പിണറായി വിജയന്റെ കളി, ഇതിന് തൃക്കാക്കരയില്‍വെച്ച് മറുപടി പറയും: പി.സി. ജോര്‍ജ്
Kerala News
എന്നെ പിടിച്ച് ജയിലിലിട്ടത് പിണറായി വിജയന്റെ കളി, ഇതിന് തൃക്കാക്കരയില്‍വെച്ച് മറുപടി പറയും: പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th May 2022, 7:14 pm

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജ് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങി. എന്നെ പിടിച്ച് ജയിലിലിട്ടത് പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

‘തൃക്കാക്കരയില്‍ വെച്ചാണ് മുഖ്യമന്ത്രി എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് ആ തൃക്കാക്കരയില്‍ വെച്ച് തന്നെ അതിന് മറുപടി പറയും. നിയമം പാലിച്ചേ മുന്നോട്ട് പോകൂ’ പി.സി. ജോര്‍ജ് പറഞ്ഞു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പി.സി. ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും എത്തി.

വിദ്വേഷ പ്രസംഗക്കേസില്‍ പ്രായം കണക്കിലെടുത്ത് പി.സി. ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കെരുതെന്ന് കോടതി അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി പി.സി. ജോര്‍ജിനോട് പറഞ്ഞു.

ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പി.സി. ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്‌നമെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ ജോര്‍ജ് നടത്തില്ല എന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ എത്തിച്ചത്.

ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായിരുന്നു. പിന്നീട്
ജോര്‍ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: PC George arrested in hate speech case,  Poojappura released from jail