'ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശം പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നത്'; ഇനി അപമാനിക്കില്ലെന്ന് പി. സി ജോര്‍ജ്
Kerala News
'ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശം പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നത്'; ഇനി അപമാനിക്കില്ലെന്ന് പി. സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 4:44 pm

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നുപോയതാണെന്ന് പി സി ജോര്‍ജ് എം.എല്‍.എ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല. അന്ന് പറഞ്ഞത് അപ്പോഴുണ്ടായ അരിശത്തിന് പറഞ്ഞു പോയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം കേരളത്തില്‍ തൂക്കു മന്ത്രിസഭ വരുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയുടെയും ട്വന്റി ട്വന്റിയുടെയും പിന്തുണ കൂടി വേണ്ടിവരുമെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്.

പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നും പി. സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പി. സി ജോര്‍ജ് നേരത്തെ ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

‘സത്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്. രമേശ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതുകൊണ്ട് ഇവരുതമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പി. സി ജോര്‍ജ് പറഞ്ഞു.

സോളാര്‍ കേസിലും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George about Oommen chandy