വര്‍ക്കല കൊലപാതകം: ഡി.എച്ച്.ആര്‍.എമ്മിനു പങ്കില്ല, പിന്നില്‍ മണല്‍ മാഫിയയെന്ന് പി.സി ജോര്‍ജ്ജ്
Kerala
വര്‍ക്കല കൊലപാതകം: ഡി.എച്ച്.ആര്‍.എമ്മിനു പങ്കില്ല, പിന്നില്‍ മണല്‍ മാഫിയയെന്ന് പി.സി ജോര്‍ജ്ജ്
ന്യൂസ് ഡെസ്‌ക്
Sunday, 25th March 2012, 11:00 am

പി.സി ജോര്‍ജ്ജ് ഡി.എച്ച്.ആര്‍.എം വേദിയില്‍ (ഫയല്‍ ചിത്രം)

പത്തനംതിട്ട: വിവാദമായ വര്‍ക്കല കൊലപാതകം നടത്തിയത് മണല്‍ മാഫിയ ആണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പി.സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയത് ദലിത് തീവ്രവാദ സംഘടനയാണെന്നായിരുന്നു പോലീസ് പ്രചാരണം. ഇതിന്റെ പേരില്‍ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) എന്ന സംഘടനയുടെ പേരില്‍ പോലീസ് കേസെടുക്കുകയും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയടക്കം ആറോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് സത്യംചെയ്ത് പ്രവര്‍ത്തിക്കുന്ന ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ വര്‍ക്കല സംഭവത്തെതുടര്‍ന്ന് തീവ്രവാദികളാക്കി ചീത്രീകരിച്ചത് സി.പി.ഐ.എം ആണ്. ഡിഎച്ച്ആര്‍എം തീവ്രവാദ സംഘടനയാണെന്നു സ്ഥാപിക്കാന്‍ ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. വര്‍ക്കലയില്‍ കൊല്ലപ്പെട്ടയാള്‍ മണല്‍മാഫിയകളുടെ ശത്രുവായിരുന്നു. മാഫിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതില്‍ ഡി.എച്ച്.എആര്‍.എമ്മിന് പങ്കില്ല-പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും വര്‍ക്കല കൊലപാതക കേസില്‍ ഒരു ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവിയും തിരുവനന്തപുരം സ്വദേശിയുമായ അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയതത്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ നാടന്‍ പാട്ട് പഠിപ്പിക്കാന്‍ പത്തനം തിട്ടയില്‍ എത്തിയപ്പോഴാണ് കേസില്‍ 14ാം പ്രതി ചേര്‍ത്ത അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം കോന്നിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകന് നിയമപരമായ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്നും പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞിട്ടുണ്ട്.

ഡി.എച്ച്.ആര്‍.എമ്മിന് തീവ്രവാദ സ്വഭാവമില്ല. പാവപ്പെട്ടവരെ സംഘടിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തില്‍നിന്ന് ആരും തീവ്രവാദികള്‍ ആയിട്ടില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. സംഘടിത ശക്തിയായി കാര്യങ്ങള്‍ നേടിയെടുക്കുന്നവര്‍ തീവ്രവാദത്തിലേക്ക് എത്തിപ്പെടാന്‍ എളുപ്പമല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അവരെ നിയന്ത്രിക്കാന്‍ പി. സി. ജോര്‍ജ് ഉണ്ടെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

സംസ്ഥാനത്ത് ദലിത് തീവ്രവാദമെന്ന പ്രചാരണത്തിനും ഭീകരമായ ദലിത് വേട്ടക്കും ഇടയാക്കിയ വര്‍ക്കല കൊലപാതക കേസില്‍ പി.സി ജോര്‍ജ്ജിന്റെ പുതിയ വെളിപ്പെടുത്തലോടെ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നേരത്തെ വര്‍ക്കല കൊലപാതകത്തിലെ ബാഹ്യ ഇടപെടലുകളെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ അടക്കമുള്ളവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് അടക്കമുള്ള പ്രമുഖര്‍ ഡി.എച്ച്.ആര്‍.എമ്മിനെതിരെയുള്ള കേസ് വ്യാജമാണെന്ന് നേരത്തെയും പൊതുവേദികളില്‍ പറഞ്ഞിരുന്നു.

2009 സെപ്തംബര്‍ 23നാണ് കേസിനാധാരമായ സംഭവം നടന്നത്. വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ് (51) നെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഘടനയെ തകര്‍ക്കാന്‍ വര്‍ക്കല കൊലപാതക കേസ് ബോധപൂര്‍വ്വം തങ്ങളുടെ മേല്‍ ചുമത്തുകയാണെന്ന് വ്യക്തമാക്കി ഡി.എച്ച്.ആര്‍.എം നേതാക്കള്‍ ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Malayalam News

Kerala News in English