വി.എസ്. പൊലീസിന്റെ മര്‍ദ്ദനമേറ്റ് മൃതപ്രായനായ, അതേ പ്രായത്തില്‍ ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. പിന്നീടങ്ങോട്ട് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ സകല കണ്ണന്തിരിവുകളും പയറ്റി തെളിഞ്ഞ പ്രായോഗിക രാഷ്ട്രീയ നേതാവായിട്ടാണ് നമ്മള്‍ അദ്ദേഹത്തെ കാണുന്നത്. കീറല്‍ തുന്നിക്കെട്ടിയ കുപ്പായം മുതല്‍, കരുണാകരനെതിരെ നടത്തിയ ഉപചാപം വരെ നമുക്കെല്ലാം പരിചിതമായ രാഷ്ട്രീയചരിത്രമാണ്. ''കാള നിന്റെയൊക്കെ അച്ഛനാണോ?'' എന്ന് ഹിന്ദുത്വവാദികളുടെ കൂമ്പിനിട്ട് കുത്തിയ വി.എസിന്റെ ആദര്‍ശ സ്ഥിരതയോട് ഉമ്മന്‍ചാണ്ടിയെ താരതമ്യം ചെയ്യുക അസാധ്യമാണ് | പി.ബി. ജിജീഷ് എഴുതുന്നു
വോട്ട് രാഷ്ട്രീയത്തില്‍, പൊതുജനങ്ങളോടുള്ള ഇടപെടലിന് വലിയ പ്രാധാന്യമുണ്ട്. വ്യക്തിപരമായ കുശലാന്വേഷണങ്ങള്‍, കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കല്‍, വ്യക്തിപരമായ ആവശ്യങ്ങളുടെ നിറവേറ്റല്‍, ചിരി, സംസാരം, നടത്തം, നാട്യം ഇവയൊക്കെ പ്രധാനമാണ്.
നേതാക്കന്മാരുടെ സ്വീകാര്യതയില്‍ ഇതിനൊക്കെ വലിയ പങ്കുണ്ട്. ഓരോ നേതാവിനും ജനങ്ങളുടെ സ്വീകാര്യത നേടുന്നതിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങളുണ്ട്. അല്ലെങ്കില്‍ ഓരോ നേതാവിന്റെയും ആകര്‍ഷകമായ ചില ഘടകങ്ങള്‍ ജനങ്ങളെ ഭ്രമിപ്പിക്കുന്നു എന്നും പറയാം.
വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും
കക്ഷിരാഷ്ട്രീയഭേദങ്ങള്‍ക്കപ്പുറം ജന സ്വാധീനമുണ്ടാക്കിയ നേതാക്കളായിരുന്നു മുന്‍ മുഖ്യമന്ത്രിമാരായ ശ്രീ ഉമ്മന്‍ചാണ്ടിയും ശ്രീ. വി എസ് അച്യുതാനന്ദനും. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ ഏറിയും കുറഞ്ഞും ഇരുവരിലും പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എന്നാല്‍ ആ താരതമ്യം അവിടെ അവസാനിക്കുന്നു.
ഇരുവരുടെയും രാഷ്ട്രീയ ജീവിതം താരതമ്യം ചെയ്യാന്‍ കഴിയാത്തത്ര വ്യത്യസ്തമാണ്. ഇരുവരും മുന്നോട്ടുവച്ച ആശയാദര്‍ശങ്ങള്‍ അങ്ങേയറ്റം വേറിട്ടുനില്‍ക്കുന്നു. ഇരുവരും ഉയര്‍ത്തിപ്പിടിച്ച വര്‍ഗ്ഗ താല്‍പര്യങ്ങള്‍ നേര്‍വിപരീതമാണ്. ഇരുവരും ഉയര്‍ത്തിയ കൊടികള്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തില്‍ മുന്നോട്ടുവച്ച മൂല്യബോധം തികച്ചും വ്യത്യസ്തങ്ങളാണ്.
സ: അച്യുതാനന്ദന്‍, നാമിന്നു കാണുന്ന കേരളത്തെ സൃഷ്ടിച്ച ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാണ്. ത്യാഗനിര്‍ഭരമായ സമരജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാജഭരണത്തിനെതിരെയും, ബ്രാഹ്‌മണ്യ മേല്‍ക്കോയ്മയ്‌ക്കെതിരെയും, മുതലാളിത്ത ചൂഷണത്തിനെതിരെയും, ജീവന്‍ പണയപ്പെടുത്തി അടരാടിയ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ് വി എസ്.
വി.എസ്. അച്യുതാനന്ദന്‍
കൊടിയ പോലീസ് മര്‍ദ്ദനങ്ങളും, ജന്മിത്ത ഭീഷണികളും അതിജീവിച്ച പോരാളി. ബാല്യത്തിലെ അനാഥത്വത്തെ അധ്വാനം കൊണ്ട് മറികടന്നവന്‍. ജാത്യാധിക്ഷേപം കേട്ടുവളര്‍ന്നവന്‍. ഏഴാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്നവന്‍. ഇരുപത്തിയാറാം വയസ്സില്‍ മരിച്ചെന്നു കരുതി ചാക്കില്‍കെട്ടി കാട്ടിലുപേക്ഷിക്കാന്‍ തുടങ്ങിയെടുത്തു നിന്ന് ഉയര്‍ത്തെണീറ്റ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തോളം വളര്‍ന്ന രാഷ്ട്രീയ നേതാവ്. അതിനപ്പുറം കേരള സമൂഹത്തിന്റെ മനസാക്ഷിയായി മാറിയ വ്യക്തി.
”കാള നിന്റെയൊക്കെ അച്ഛനാണോ?” എന്ന് ഹിന്ദുത്വവാദികളുടെ കൂമ്പിനിട്ട് കുത്തിയ വി.എസിന്റെ ആദര്‍ശ സ്ഥിരതയോട് ഉമ്മന്‍ചാണ്ടിയെ താരതമ്യം ചെയ്യുക അസാധ്യമാണ്.
‘തമ്പ്രാന്‍ എന്നു വിളിക്കില്ല, പാളയില്‍ കഞ്ഞി കുടിക്കില്ല’ എന്നു നിവര്‍ന്നുനിന്നു പറയാന്‍ സ്വയം ശീലിച്ച, സഖാക്കളെ ശീലിപ്പിച്ച കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുണ്ട് അയാള്‍ക്ക്. കയര്‍ തൊഴിലാളികളുടെ, കശുവണ്ടി തൊഴിലാളികളുടെ, തോട്ടം തൊഴിലാളികളുടെ ഒക്കെയൊപ്പം സമരമുഖങ്ങളില്‍ മുഷ്ടിചുരുട്ടി നടന്ന സഖാവ്.
തിരുവിതാംകൂര്‍ എന്ന ഹിന്ദു രാഷ്ട്രത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും, മുതലാളിത്തത്തിന്റെയും ചൂഷണ വീഥികളില്‍ നീതി തേടിയലഞ്ഞവനാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം എന്തെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവനാണ്. അതുകൊണ്ടാണ്, തിരുവനന്തപുരത്തെ മണിമാളികയില്‍ ഇരിക്കുന്ന കാരണവരെ, മിസ്റ്റര്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന് സംബോധന ചെയ്യുവാന്‍ അദ്ദേഹം തയ്യാറായത്.
വലതു രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും നാണംകെട്ട രാജഭക്തിയിലെ അപഹാസ്യത തുറന്നു കാണിക്കാതിരിക്കാന്‍ പുന്നപ്ര-വയലാര്‍ രണഭൂമിയിലെ അവസാനത്തെ കുന്തക്കാരന് കഴിയില്ലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതം എന്നത് ഒരു വിമോചന സമരമായിരുന്നു, കടുത്ത ദുഷ്പ്രഭുത്വത്തില്‍ നിന്നുള്ള വിമോചനസമരം.
ഉമ്മന്‍ ചാണ്ടി
പുതുപ്പള്ളിയുടെ പുത്രന്, ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്, പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനം അധികാരഘടനയുടെ പിന്തുടര്‍ച്ചയായിരുന്നു. മുത്തശ്ശന്‍ തിരുവിതാംകൂര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കൂളിലാണ് പഠിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നുവന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പക്ഷത്തിന്, വിമോചനം, കേരളത്തിന്റെ പ്രാകൃതമായ ബ്രാഹ്‌മണ്യമൂല്യങ്ങളിലേക്കുള്ള തിരിച്ചു നടത്തമായിരുന്നു. ജാതി-ജന്മി താല്പര്യങ്ങളുടെ സംരക്ഷണമായിരുന്നു.
”തമ്പ്രാന്‍ എന്ന് വിളിപ്പിക്കും, പാളയില്‍ കഞ്ഞി കുടിപ്പിക്കും” എന്നാണ് അന്നവര്‍ അലറിയത്. ദളിതനായ ചാത്തന്‍ മാസ്റ്റര്‍ മന്ത്രി ആയപ്പോള്‍, അദ്ദേഹത്തോട് മന്ത്രി കസേര ഉപേക്ഷിച്ച് കന്നു പൂട്ടാന്‍ കല്‍പ്പിച്ച സമരമാണ്. കേരളത്തിന്റെ ഭൂപരിഷ്‌കരണത്തെ അട്ടിമറിച്ച പാരമ്പര്യമാണ്.
ഇ.എം.എസ്
ഭൂപരിഷ്‌കരണത്തെക്കുറിച്ച് പറയുമ്പോള്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കര്‍ഷക തൊഴിലാളികളെ, ദളിതരെ, ഭൂമി നല്‍കാതെ വഞ്ചിച്ച കഥയുണ്ട്. എന്നാല്‍, 1957-ല്‍ ഇ.എം.എസ് ഗവണ്‍മെന്റ് വിഭാവനം ചെയ്ത തരത്തില്‍, ആ സമയത്ത്, ഭൂപരിഷ്‌കരണത്തിന്റെ മൂന്നു ഘട്ടങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം വ്യത്യസ്തമായിരുന്നേനെ.
കേരള ചരിത്രത്തെ, സമൂഹത്തെ, രാഷ്ട്രീയത്തെ, പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ച ശപിക്കപ്പെട്ട സമരമായിരുന്നു വിമോചന സമരം. അതിനുശേഷം കേരളത്തിന്റെ രാഷ്ട്രീയ വര്‍ത്തമാനങ്ങളില്‍ നിന്ന്, അടിസ്ഥാനവര്‍ഗ താല്പര്യങ്ങളും, ഭൂമിയുടെ രാഷ്ട്രീയവും തുടച്ചുനീക്കപ്പെട്ടു.
സഖാവ് വിഎസ് എല്ലാം തികഞ്ഞവനായിരുന്നു എന്നല്ല. ദൈവമല്ല, മനുഷ്യനായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ കര്‍ഷക സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ച് ഓര്‍ത്ത് വിലപിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചിത്രം സഖാവ് എ.കെ.ജിയുടെ ആത്മകഥയില്‍ നമുക്ക് കാണാം.
സകല വിഷ ജീവികളും, സകല വര്‍ഗീയ പാഷാണങ്ങളും, പുരോഗമന ചിന്തകള്‍ക്കെതിരെ ഒരുമിച്ചണിനിരന്ന ചരിത്രഘട്ടമായിരുന്നു വിമോചന സമരം. വലതു രാഷ്ട്രീയത്തിന്റെ പ്രതിലോമപരത, സമൂഹത്തെ വീണ്ടും പിന്നോട്ടു കൊണ്ടു പോകുന്നത് ശബരിമലയിലെ ആര്‍ത്തവസമരത്തിന്റെ കാലത്ത് ആവര്‍ത്തിക്കപ്പെട്ടു.
വി.എസ്. പൊലീസിന്റെ മര്‍ദ്ദനമേറ്റ് മൃതപ്രായനായ, അതേ പ്രായത്തില്‍ ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. പിന്നീടങ്ങോട്ട് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ സകല കണ്ണന്തിരിവുകളും പയറ്റി തെളിഞ്ഞ പ്രായോഗിക രാഷ്ട്രീയ നേതാവായിട്ടാണ് നമ്മള്‍ അദ്ദേഹത്തെ കാണുന്നത്. കീറല്‍ തുന്നിക്കെട്ടിയ കുപ്പായം മുതല്‍, കരുണാകരനെതിരെ നടത്തിയ ഉപചാപം വരെ നമുക്കെല്ലാം പരിചിതമായ രാഷ്ട്രീയചരിത്രമാണ്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശൈലിയെ കുറിച്ച് കെ. കരുണാകരന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
കെ. കരുണാകരന്‍
”കാള നിന്റെയൊക്കെ അച്ഛനാണോ?” എന്ന് ഹിന്ദുത്വവാദികളുടെ കൂമ്പിനിട്ട് കുത്തിയ വി.എസിന്റെ ആദര്‍ശ സ്ഥിരതയോട് ഉമ്മന്‍ചാണ്ടിയെ താരതമ്യം ചെയ്യുക അസാധ്യമാണ്. വെള്ളാപ്പള്ളി നടേശന്‍ മുതല്‍, നരേന്ദ്രമോദി വരെയുള്ള സര്‍വ്വരെയും ഒരു ദാക്ഷിണ്യവും ഇല്ലാത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു.
അധികാരത്തിന്റെ ഭാഗമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും, തൊഴിലാളികളുടെ സമരമുഖങ്ങളില്‍ നിത്യ സാന്നിധ്യമായി. സമരതീഷ്ണമായ യൗവനം മാത്രമല്ല, വാര്‍ദ്ധക്യകാലത്ത് വി.എസ് നടത്തിയ രാഷ്ട്രീയ ഇടപെടലുകളും കേരള ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
പരിസ്ഥിതിയുടെ രാഷ്ട്രീയം, മുഖ്യധാരയില്‍ ഉയര്‍ത്തിപ്പിടിച്ചത്, പ്ലാച്ചിമട മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയുള്ള വിഷയങ്ങളില്‍ സമര മുന്നണിയുടെ ഭാഗമായത്. മൂന്നാറിലെ തേയില തോട്ടങ്ങളില്‍ അടിമ ജീവിതം നയിച്ച തൊഴിലാളി സ്ത്രീകള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിച്ചപ്പോള്‍, അവിടെ കടന്നു വരാന്‍ അനുമതി ലഭിച്ചത് ഒരേയൊരു നേതാവിനു മാത്രമാണ്. വിഎസിന്.
കാരണം എല്ലാ വിഭജനങ്ങള്‍ക്കുമപ്പുറം സമൂഹത്തിന്റെ മനസ്സാക്ഷിയായി ആ മനുഷ്യന്‍ മാറിയിരുന്നു. അന്ന് ആ സമരമുഖത്ത് ചെന്ന്, ഇവരുടെ ആവശ്യങ്ങള്‍ നിറവേറും വരെ ഞാനും ഇവര്‍ക്കൊപ്പമിരിക്കും എന്നു പറഞ്ഞ്, കൊടും തണുപ്പില്‍ ഒരു ജാക്കറ്റും ധരിച്ച്, തൊഴിലാളികള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 92 ആയിരുന്നു.
അതുകൊണ്ടാണ്, തിരുവനന്തപുരത്തെ മണിമാളികയില്‍ ഇരിക്കുന്ന കാരണവരെ, മിസ്റ്റര്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന് സംബോധന ചെയ്യുവാന്‍ അദ്ദേഹം തയ്യാറായത്.
ഭരണരംഗത്ത്, അദ്ദേഹം നേതൃത്വം നല്‍കിയ ഗവണ്‍മെന്റ് നല്‍കിയ സംഭാവനകള്‍, നയപരമായ ചില തീരുമാനങ്ങള്‍, കേരള ചരിത്രം എന്നും ഓര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭൂമാഫിയക്കെതിരായ നീക്കങ്ങള്‍ ലക്ഷ്യം കണ്ടു എന്നല്ല, സമാനതകളില്ലാത്ത സാഹസത്തിന് ധൈര്യം കാണിച്ചു എന്നാണ്.
ഏഴാം ക്ലാസുകാരന്‍ ആയിരുന്നിട്ടും, സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അഗാധമായ ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ടും കേട്ടും വായിച്ചും പഠിക്കുവാന്‍, നിരന്തരം സ്വയം നവീകരിക്കുവാന്‍, തയ്യാറായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്മകളില്‍ ഒന്ന്.
ആധാര്‍ പദ്ധതിയുടെ പ്രാരംഭ കാലത്ത് അതിനെതിരെ നിലപാടെടുക്കുകയും മാതൃഭൂമി ആഴ്ചപതിപ്പില്‍ സുദീര്‍ഘമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ഹിന്ദു ദിനപത്രത്തിലും, വി.എസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലും എഴുതിയ ലേഖനങ്ങള്‍ അക്കാലത്ത് ഈ വിഷയത്തെ സംബന്ധിച്ച് ഗൗരവതരമായ സംവാദങ്ങള്‍ക്ക് പൊതുനിലമൊരുക്കി.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍
മൂന്നാംലോക രാജ്യങ്ങളിലെ വിപുലമായ കച്ചവട സാധ്യതകള്‍ സ്വപ്‌നം കണ്ടിരുന്ന മൈക്രോസോഫ്റ്റ് പോലെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാരുടെ താല്‍പര്യങ്ങളും സമ്മര്‍ദങ്ങളും അതിജീവിച്ച്, സ്വതന്ത്ര സോഫ്റ്റ്വെയറില്‍ അധിഷ്ഠിതമായ ഒരു വിവരസാങ്കേതിക നയം രൂപീകരിച്ചു എന്നത് വി.എസ് ഗവണ്‍മെന്റിന്റെ എക്കാലത്തെയും പ്രധാനപ്പെട്ട സംഭാവനയാണ്.
വിഎസ് നേതൃത്വം നല്‍കിയത് വെട്ടി നിരത്തല്‍ സമരം ആയിരുന്നില്ല അത് നിലം നികത്തലിനെതിരെയുള്ള സമരമായിരുന്നു എന്ന് മനോരമാദി മാധ്യമങ്ങള്‍ അംഗീകരിച്ചത് അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ്, എന്നാല്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ വയല്‍ നികത്തലിനെതിരെ വയല്‍ സംരക്ഷണത്തിനുവേണ്ടി നിയമനിര്‍മ്മാണം നടത്തുവാനും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് തയ്യാറായി.
വി.എസ് അച്യുതാനന്ദനും ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനും
സഖാവ് വി.എസ്. എല്ലാം തികഞ്ഞവനായിരുന്നു എന്നല്ല. ദൈവമല്ല, മനുഷ്യനായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. തെറ്റുകള്‍ പലതും ചൂണ്ടിക്കാണിക്കാനാവും. പ്രത്യേകിച്ച് ഭൂമിയുടെ രാഷ്ട്രീയം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കൊന്നും താല്പര്യമുണ്ടായിരുന്നില്ല.
ളാഹാഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരം വി.എസിന്റെ കാലത്തായിരുന്നു. സമരക്കാര്‍ ആവശ്യപ്പെട്ടത്ര ഭൂമി കൊടുക്കാന്‍ കേരളത്തില്‍ ലഭ്യമല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോട്, ളാഹാഗോപാലന്റെ പ്രതികരണം നമുക്കെല്ലാമറിയാം.
ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ല. എങ്കിലും ചരിത്രത്തില്‍ ആദ്യമായി, സമരം ചെയ്തവര്‍ക്ക് 50 സെന്റ് ഭൂമിയെങ്കിലും ലഭിച്ച സമരം അതായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഭൂമി പതിച്ചു നല്‍കിയത്. സമരത്തിന്റെ ഭാഗമായിരുന്ന ചിലരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
‘വി.എസ്. ആയിരുന്നതുകൊണ്ട് മാത്രമാണ് അത്രയെങ്കിലും ഭൂമി ലഭിച്ചത്. അല്ലെങ്കില്‍ മുത്തങ്ങയിലെ അനുഭവമായേനെ ഞങ്ങള്‍ക്കും’ എന്ന് നല്ലൊരു വിഭാഗം സമരക്കാരും ഇപ്പോഴും വിശ്വസിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്.
എ.കെ. ആന്റണി
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുത്തങ്ങയില്‍ സമരം നടത്തിയ ആദിവാസികള്‍ക്ക് നേരെ വെടിവെപ്പും ക്രൂരമായ പോലീസ് അതിക്രമവും നടന്നത്. അന്ന് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് കണ്‍വീനര്‍ ആയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ റദ്ദ് ചെയ്യുക എന്നത് എന്റെ ഉദ്ദേശമല്ല. രാഷ്ട്രീയത്തില്‍ ഇരുപക്ഷങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ട്. ശരികളും ശരികേടുകളും ഉണ്ട്. എന്നിരുന്നാലും വി.എസിന്റെതുപോലെ സമരസപ്പെടാത്ത സമര ജീവിതത്തെ, സാധാരണ രാഷ്ട്രീയ ജീവിതങ്ങളോട് തുലനം ചെയ്യുന്നതില്‍ ചരിത്രവിരുദ്ധതയും, രാഷ്ട്രീയ ശരികേടുമുണ്ട് എന്ന് സൂചിപ്പിക്കുവാന്‍ മാത്രമാഗ്രഹിക്കുകയാണ്.
CONTENT HIGHLIGHTS: PB. Jijeesh writes About VS Achuthanandan and Oommenchandy