വീണ്ടും ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി പായല്‍ കപാഡിയ. 2025 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി പായല്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം നടന്ന 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ഡ് ആസ് ലൈറ്റ് ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
30 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ സിനിമക്ക് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയത്. മത്സരവിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രി അവാര്‍ഡാണ് ചിത്രം നേടിയത്. ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും ഓള്‍ വി ഇമാജിന്‍ഡ് ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഫ്രഞ്ച് തിയേറ്ററുകളില്‍ അരങ്ങേറ്റം കുറിച്ച ഈ ചിത്രം അവിടെ കോണ്ടോര്‍ ഡിസ്ട്രിബ്യൂഷന്‍ 185 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.
1946ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വര്‍ഷങ്ങളിലും മെയ് മാസത്തില്‍ ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ മെയ് 13 മുതല്‍ 24 വരെയാകും നടക്കുക.