നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ വോട്ടർമാർക്ക് 6000 രൂപ വീതം നൽകണം: കർണാടക ബി.ജെ.പി എം.എൽ.എ
national news
നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ വോട്ടർമാർക്ക് 6000 രൂപ വീതം നൽകണം: കർണാടക ബി.ജെ.പി എം.എൽ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 10:30 pm

ബെംഗളൂരു: വരുന്ന കർണാടക ഇലക്ഷനിൽ വോട്ടർമാർക്ക് കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട് ബി.ജെ.പിഎം.എൽ.എ.
കർണാടകയിലെ മുൻ ജലവകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാർക്കിഹോലിയാണ് വിവാദപ്രസ്താവന നടത്തിയത്.

വരുന്ന മെയ്യിൽ നടക്കുന്ന കർണാടക നിയമസഭ ഇലക്ഷനിൽ വിജയിക്കാനാണ് വോട്ടർമാർക്ക് കൈക്കൂലി നൽകാൻ രമേശ് ജാർക്കിഹോലി ആവശ്യപ്പെട്ടത്.

ബെലാഗവിയിലെ സുലേബവി ഗ്രാമത്തിൽ നടന്ന റാലിയിൽ ബെലാഗവി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ നിലവിലെ എം.എൽ.എ ലക്ഷ്മി ഹെബ്ബാൽക്കറെ വിമർശിക്കുന്നതിനിടയിലാണ് രമേശ് ജാർക്കിഹോലി വിവാദ പ്രസ്താവന നടത്തിയത്.

ബെലാഗവിയിലെ ഗോകക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിലവിൽ എം.എൽ.എ കൂടിയായ ജാർക്കിഹോലി ലക്ഷ്മി ഹെബ്ബാൽക്കറെ വോട്ടർമാർക്ക് സമാനങ്ങളും കോഴയും നൽകിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും അതിനാൽ 6000 രൂപ വീതം വോട്ടർമാർക്ക് നൽകി വോട്ടുകൾ പരമാവധി ബി.ജെ.പിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് തന്റെ അണികളോട് ആവശ്യപ്പെട്ടത്.

“ലക്ഷ്മി ഹെബ്ബാൽക്കറെ മണ്ഡലത്തിലെ വോട്ടർമാർക്ക് വലിയ രീതിയിൽ സമ്മാനങ്ങളും കോഴയും നൽകുന്നു. കുക്കർ, മിക്സർ മുതലായ 1000രൂപ മുതൽ 3000രൂപ വരെയുള്ള വസ്തുക്കളാണ് അവർ വിതരണം ചെയ്യുന്നത്. അത്കൊണ്ട് നിങ്ങൾ വോട്ടർമാരോട് പറയണം നമ്മുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാത്ത ആർക്കും നമ്മൾ വോട്ടർമാർക്ക് നൽകാൻ പോകുന്ന 6000രൂപ നൽകില്ലെന്ന്,’ രമേശ് ജാർക്കിഹോലി പറഞ്ഞു.

എന്നാൽ ജാർക്കിഹോലിയുടെ പരാമർശത്തെ നിഷേധിച്ച് ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കുന്നത് ബി.ജെ.പിയുടെ രീതിയല്ലെന്നും അത്തരം പ്രവണതകൾ തുടച്ചു നീക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നതെന്നുമാണ് കർണാടകയിലെ നിലവിലെ ജലസേചന വകുപ്പ് മന്ത്രിയായ ഗോവിന്ദ് കജ്രോൾ വിഷയത്തിൽ പ്രതികരിച്ചത്.

കൂടാതെ രമേശ് ജാർക്കിഹോലിയുടെ പ്രസ്താവന പാർട്ടിയുടെതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഗോവിന്ദ് കജ്രോൾ കൂട്ടിച്ചേർത്തു.
എന്നാൽ വിഷയത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയ കോൺഗ്രസ്‌ ശക്തമായ നിയമനടപടികൾ രമേശ് ജാർക്കിഹോലിക്കെതിരെ സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രതികരിച്ചിട്ടുണ്ട്.

ലൈംഗികാരോപണം നേരിടേണ്ടി വന്നതോടെയാണ് രമേശ് ജാർക്കിഹോലിയെ മന്ത്രിസഭയിൽ നിന്നും ബി.ജെ.പി സർക്കാർ  പുറത്താക്കിയത്.

Content Highlights: pay Voters Rs 6,000 each to win assembly elections: Karnataka BJP MLA