കൊള്ളയടിച്ച പണം തിരിച്ചു തന്നാല്‍ നവാസ് ഷെരീഫിനെയും സര്‍ദാരിയെയും രാജ്യം വിടാന്‍ അനുവദിക്കാമെന്ന് ഇമ്രാന്‍ ഖാന്‍
World News
കൊള്ളയടിച്ച പണം തിരിച്ചു തന്നാല്‍ നവാസ് ഷെരീഫിനെയും സര്‍ദാരിയെയും രാജ്യം വിടാന്‍ അനുവദിക്കാമെന്ന് ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2019, 10:09 pm

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകള്‍ നേരിടുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയ്ക്കും സര്‍ക്കാര്‍ ഒരു വിട്ടു വീഴ്ചയും ചെയ്ത് കൊടുക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കൊള്ളയടിച്ച പണം രാജ്യത്തിന് വിട്ടു നല്‍കിയാല്‍ ഇരുവര്‍ക്കും രാജ്യം വിടാമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രണ്ട് അയല്‍രാജ്യങ്ങളുടെ സഹായത്തോടെ നവാസ് ഷെരീഫിന്റെ മക്കള്‍ അദ്ദേഹത്തിന്റെ മോചനത്തിന് ശ്രമിച്ചതായും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി. വിഷയത്തില്‍ ഇടപെടില്ലെന്ന് ഈ രാജ്യങ്ങള്‍ തന്നെ അറിയിച്ചതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സൗദിയില്‍ സ്റ്റീല്‍ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാത്തത് കൊണ്ട് പാക് സുപ്രീംകോടതി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നവാസ് ഷെരീഫ് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുകയാണ്.

മൂന്ന് അഴിമതിക്കേസുകളിലായി മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി ഇപ്പോള്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലാണ്. സഹോദരി ഫര്യാല്‍ തല്‍പുറിനൊപ്പം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി 150 മില്ല്യണ്‍ രൂപയുടെ ഇടപാട് നടത്തിയെന്ന് എന്‍.എ.ബി കണ്ടെത്തിയിരുന്നു.