ഹിന്ദി നമ്മുടെ അമ്മയുടെ മൂത്ത സഹോദരിയെന്ന് പവന്‍ കല്യാണ്‍; ഇത് നാണക്കേടെന്ന് പ്രകാശ് രാജ്
India
ഹിന്ദി നമ്മുടെ അമ്മയുടെ മൂത്ത സഹോദരിയെന്ന് പവന്‍ കല്യാണ്‍; ഇത് നാണക്കേടെന്ന് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 10:13 am

ഹൈദരാബാദ്: മികച്ച ആശയവിനിമയത്തിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ ഹിന്ദി ഉപയോഗിക്കണമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന ദക്ഷിണ സംവാദ് എന്ന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഒപ്പം ഹിന്ദി പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പവന്‍ കല്യാണ്‍ പരിപാടിയില്‍ സംസാരിച്ചു. മുമ്പും സമാനമായ രീതിയില്‍ ഹിന്ദി ഭാഷയെ കുറിച്ച് നടന്‍ പരാമര്‍ശം നടത്തിയിരുന്നു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ നടന്‍ പ്രകാശ് രാജ് വീഡിയോ ഷെയര്‍ ചെയ്യുകയും തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ദക്ഷിണ സംവാദ് പരിപാടിയില്‍ പവന്‍ കല്യാണ്‍ സംസാരിക്കുന്നതിന്റെ വീഡിയോ റീട്വീറ്റ് ചെയ്ത പ്രകാശ് രാജ് ‘എത്ര നാണകേട്’ എന്നാണ് തന്റെ പോസ്റ്റില്‍ കുറിച്ചത്.

നമ്മുടെ മാതൃഭാഷയെ നാം ബഹുമാനിക്കണമെന്നും അത് നമ്മുടെ മാതൃഭാഷയാണെങ്കില്‍, ഹിന്ദി നമ്മുടെ അമ്മയുടെ മൂത്ത സഹോദരി ആണെന്നുമാണ് പവന്‍ കല്യാണ്‍ വീഡിയോയില്‍ പറയുന്നത്.

വിദ്യാഭ്യാസത്തിലോ ബിസിനസിലോ ജോലിയിലോ ഏതൊരു പുരോഗതിക്കും എല്ലാ ഭാഷാ തടസങ്ങളും മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള ഒരു സമയത്ത് പുരോഗതി തടയുക എന്നാല്‍ ഹിന്ദിയെ എതിര്‍ക്കുക എന്നാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘തെലുങ്ക് നമ്മുടെ മാതൃഭാഷയായിരിക്കാം. എന്നാല്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. വീട്ടില്‍ ആശയവിനിമയം നടത്താനുള്ള മാര്‍ഗമായി നമുക്ക് തെലുങ്കുണ്ട്. പക്ഷേ ആ അതിര്‍ത്തി കടക്കുമ്പോള്‍ നമുക്ക് ഹിന്ദിയാണുള്ളത്.

ലോകം വേര്‍പിരിയാനുള്ള വഴികള്‍ തേടുകയാണ്. എന്നാല്‍ ഇന്ന് ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഹിന്ദിയില്‍ ഒന്നിക്കാനുള്ള വഴികള്‍ തേടുന്നു. അത്തരമൊരു ഭാഷയെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

അത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം അല്ലെങ്കില്‍ രാജ്യത്തെ മറ്റേത് ഭാഷയായാലും നമ്മുടെ മാതൃഭാഷയെ നാം ബഹുമാനിക്കണം. അത് നമ്മുടെ മാതൃഭാഷയാണെങ്കില്‍ ഹിന്ദി നമ്മുടെ അമ്മയുടെ മൂത്ത സഹോദരിയാണ്,’ പവന്‍ കല്യാണ്‍ പറഞ്ഞു.

മുമ്പും പവന്‍ കല്യാണ്‍ സമാനമായ പ്രസ്താവനകള്‍ നടത്തുകയും പ്രകാശ് രാജ് അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. അന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നത് ‘ഹിന്ദി ഭാഷയെ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്’ എന്നായിരുന്നു.

അന്ന് ‘തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ സാമ്പത്തിക നേട്ടത്തിനായി അവരുടെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നു. എന്നാല്‍ ഹിന്ദിയെ എതിര്‍ക്കുകയും ചെയ്യുന്നു. അത് എന്തുകൊണ്ടാണ്? അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം. പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല’ എന്നായിരുന്നു പവന്‍ കല്യാണ്‍ പറഞ്ഞത്.

Content Highlight: Pawan Kalyan says Hindi is our mother’s elder sister; Prakash Raj says this is shameful