തെലുങ്കില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഹരിഹര വീര മല്ലു. 17ാം നൂറ്റാണ്ടില്‍ ആന്ധ്രയില്‍ ജീവിച്ച ഒരു യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതും. തെലുങ്ക് സിനിമാപ്രേമികള്‍ക്കിടയില്‍ പവര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള പവന്‍ കല്യാണാണ് ചിത്രത്തില്‍ നായകനായി വേഷമിട്ടത്.
ആന്ധ്രയുടെ ഉപമുഖ്യമന്ത്രിയായ ശേഷം തിയേറ്ററുകളിലെത്തുന്ന പവന്റെ ആദ്യചിത്രം കൂടിയാണ് ഇത്. എന്നാല്‍ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രത്തെ ആരാധകര്‍ മാത്രമാണ് സ്വീകരിച്ചത്. കെട്ടുറപ്പില്ലാത്ത തിരക്കഥയും മോശം വി.എഫ്.എക്‌സുമുള്ള ശരാശരിക്കും താഴെ നില്‍ക്കുന്ന സിനിമയെന്നാണ് ചിത്രത്തിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. വെറും 34 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. രണ്ടാം ദിവസം 17 കോടിയും നേടി 50 കോടി ഇതിനോടകം ചിത്രം സ്വന്തമാക്കി. മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്റെ ഫസ്റ്റ് ഡേ കളക്ഷന്റെ അടുത്തെത്താന്‍ പോലും പവര്‍ സ്റ്റാറിന് സാധിച്ചില്ല. 66 കോടിയായിരുന്നു എമ്പുരാന്‍ ആദ്യദിനം നേടിയത്.
വളരെ മോശം പ്രതികരണമാണ് ഹരിഹര വീര മല്ലുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിനനുസരിച്ച് ക്വാളിറ്റി സിനിമയില്‍ കാണാന്‍ സാധിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. തട്ടിക്കൂട്ട് വി.എഫ്.എക്‌സില്‍ നായകന്റെ മുഖം പലയിടത്തും വെട്ടിയൊട്ടിച്ച ഫീലായിരുന്നു സമ്മാനിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒപ്പം നായകന്റെ നിര്‍വികാര പ്രകടനവും ചിത്രത്തെ പിന്നോട്ടുവലിച്ചു.
2020ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഒരേസമയം നാല് സിനിമകള്‍ കമ്മിറ്റ് ചെയ്ത പവന്‍ കല്യാണിന്റെ തിരക്കും രാഷ്ട്രീയ പ്രചരണവുമാണ് ഷൂട്ട് നീളാന്‍ പ്രധാന കാരണം. ഈ വര്‍ഷമാദ്യം ഷൂട്ട് അവസാനിച്ച ചിത്രം നാല് തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഒടുവില്‍ ജൂലൈ 24ന് ചിത്രം തിയേറ്ററുകളിലെത്തുകയായിരുന്നു.
ജ്യോതി കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് എ.ആര്‍. രത്‌നമാണ്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി വേഷമിട്ടത്. ബോളിവുഡ് താരം ബോബി ഡിയോള്‍ ഔറംഗസേബിന്റെ വേഷത്തിലെത്തിയ സിനിമയുടെ സംഗീതം കീരവാണിയാണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Content Highlight: Pawan Kalyan’s Harihara Veera Mallu can’t cross first day collection of Empuraan