ഷാരൂഖ് ഖാന് അഭിനന്ദനവുമായി വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ
D Movies
ഷാരൂഖ് ഖാന് അഭിനന്ദനവുമായി വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ
ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2020, 11:39 pm

ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനന്ദനവുമായി വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഷാരൂഖ്ഖാന്‍ നിര്‍മ്മിച്ച കാംയാബ് എന്ന ചിത്രം കണ്ടതിനു ശേഷമാണ് പൗലോ കൊയ്‌ലോ അഭിനന്ദനമറിയിച്ചത്.

‘ ആദ്യ ഫ്രെയിമില്‍ നിര്‍മാതാക്കള്‍ നന്ദി പറയുന്നുണ്ട്. ഞാനത് തിരിച്ചു പറയുന്നു. രണ്ട് ദിവസം മുന്‍പ് പ്രമുഖ ബ്രസീലിയന്‍ നടന്‍ ഫ്‌ലേവ്യോ മിഗ്ല്യാസിയോ ആത്മഹത്യ ചെയ്തു. ഈ ഇന്‍ഡസ്ട്രി അവരുടെ കലാകാരന്‍മാരോട് എങ്ങനെയാണ് പെരുമാറുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോമഡി ആയിട്ടാണ് ഈ സിനിമ അവതരിപ്പിച്ചത്. സത്യത്തില്‍ ഇത് ഒരു ദുരന്തമാണ്,’ പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ ഷാരൂഖ് ഖാനെ മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്.

പൗലോ കൊയ്‌ലോ ട്വീറ്റില്‍ പരാമര്‍ശിച്ച ബ്രസീലിയന്‍ നടന്‍ മെയ് നാലിന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ട്വീറ്റിനു ഷാരൂഖ് ഖാന്‍ മറുപടിയും നല്‍കി. സഹനടന്‍മാര്‍ വിസ്മരിക്കപ്പെടുന്നത് ദുഃഖകരമായ ഒരു സത്യമാണെന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തത്. ഒപ്പം സുരക്ഷിതമായിരിക്കാനും ഷാരൂഖ് ആശംസിച്ചു.

ഹര്‍ദിക് മെഹ്ത സംവിധാനം ചെയ്ത കാംയാബ് ഇന്ത്യന്‍ സിനിമയിലെ സഹനടന്‍മാരുടെ കഥയാണ് പറയുന്നത്. ദീപക് ദൊബ്രിയാല്‍, സജ്ഞയ് മിശ്ര എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഒരു അവിസ്മരണീയ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാ മേഖലയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന ഹിന്ദി സിനിമയിലെ ഒരു സഹനടന്റെ കഥയാണ് ചിത്രം പറയുന്നത്. ആ ഒരു ചിത്രത്തിലൂടെ തന്റെ കരിയറില്‍ 500 കഥാപാത്രത്തെ അവതരിപ്പിച്ചെന്ന നേട്ടം സ്വന്തമാക്കാനും ഇദ്ദേഹം ആഗ്രഹിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.