റെക്കോഡ് നേടാനോ തിരുത്താനോ അല്ല, റെക്കോഡും കൊണ്ടാണ് ലോകകപ്പിലേക്കുള്ള വരവ്; രോഹിത്തിനെ പടിയിറക്കി 'അയര്‍ലന്‍ഡിലെ ലാലേട്ടന്‍'
Sports News
റെക്കോഡ് നേടാനോ തിരുത്താനോ അല്ല, റെക്കോഡും കൊണ്ടാണ് ലോകകപ്പിലേക്കുള്ള വരവ്; രോഹിത്തിനെ പടിയിറക്കി 'അയര്‍ലന്‍ഡിലെ ലാലേട്ടന്‍'
ആദര്‍ശ് എം.കെ.
Saturday, 31st January 2026, 2:13 pm

2026 ലോകകപ്പിന് മുമ്പ് അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി അയര്‍ലന്‍ഡ് നായകന്‍ പോള്‍ സ്‌റ്റെര്‍ലിങ്. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇ – അയര്‍ലന്‍ഡ് മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് ഐറിഷ് നായകന്‍ ചരിത്ര നേട്ടത്തില്‍ ഒന്നാമനായി ഇടം നേടിയത്.

ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് സ്‌റ്റെര്‍ലിങ് തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. കുട്ടി ക്രിക്കറ്റില്‍ തന്റെ 160ാം മത്സരത്തിനാണ് താരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങിയത്.

പോള്‍ സ്‌റ്റെര്‍ലിങ്

ഇന്ത്യന്‍ നായകനും ടി-20 ലെജന്‍ഡുമായ രോഹിത് ശര്‍മയെ മറികടന്നുകൊണ്ടായിരുന്നു സ്റ്റെര്‍ലിങ്ങിന്റെ ചരിത്ര നേട്ടം. ലോകകപ്പിന് തൊട്ടുമുമ്പ് ടി-20 ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം തിരുത്തിയാണ് സ്‌റ്റെര്‍ലിങ് റെക്കോഡിട്ടത്.

രോഹിത് ശര്‍മ

ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍

(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 160*

രോഹിത് ശര്‍മ – ഇന്ത്യ – 159

ജോര്‍ജ് ഡോക്രെല്‍ – അയര്‍ലന്‍ഡ് – 153

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 148

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 144

160 മത്സരത്തിലെ 157 ഇന്നിങ്‌സില്‍ നിന്നും 26.53 ശരാശരിയില്‍ 3874 റണ്‍സാണ് താരം ഇതിനോടകം നേടിയത്. ഒരു സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും സ്റ്റെര്‍ലിങ് തന്റെ പേരിനൊപ്പം കുറിച്ചിട്ടുണ്ട്.

2021ല്‍ സിംബാബ്‌വേയ്‌ക്കെതിരെ പുറത്താകാതെ നേടിയ 115 ആണ് ഉയര്‍ന്ന സ്‌കോര്‍.

നിലവില്‍ 3874 റണ്‍സടിച്ച താരം താരം 4,000 അന്താരാഷ്ട്ര ടി-20 റണ്‍സ് എന്ന നേട്ടത്തിലേക്കും കണ്ണുവെക്കുകയാണ്. നിലവില്‍ മൂന്നേ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

ബാബര്‍ അസം (4453), രോഹിത് ശര്‍മ (4231), വിരാട് കോഹ്‌ലി (4188) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

ലോകകപ്പില്‍ ഗ്രൂപ്പ് ബി-യിലാണ് സ്റ്റെര്‍ലിങ്ങും അയര്‍ലന്‍ഡും ഇടം പിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

Content Highlight: Paul Stirling now holds the record of most T20I matches

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.