രണ്ടാളെയും ഒതുക്കിയതാണെന്ന് ചാക്കോച്ചന്‍, ഫഹദ് പുതിയതായി ഇട്ട രണ്ട് മൂന്ന് റിയാക്ഷനും തൂക്കി: ആരാണ് മെയിനെന്ന് വ്യക്തമാക്കാതെ പേട്രിയറ്റ് പ്രൊമോ
Malayalam Cinema
രണ്ടാളെയും ഒതുക്കിയതാണെന്ന് ചാക്കോച്ചന്‍, ഫഹദ് പുതിയതായി ഇട്ട രണ്ട് മൂന്ന് റിയാക്ഷനും തൂക്കി: ആരാണ് മെയിനെന്ന് വ്യക്തമാക്കാതെ പേട്രിയറ്റ് പ്രൊമോ
അമര്‍നാഥ് എം.
Monday, 20th April 2026, 10:39 pm

മോളിവുഡിലെ അടുത്ത വമ്പന്‍ റിലീസാണ് പേട്രിയറ്റ്. മലയാളസിനിമയുടെ നെടുന്തൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. എന്നാല്‍ ഷൂട്ട് ആരംഭിച്ചതിന് ശേഷം ചിത്രത്തിന്റെ ഹൈപ്പ് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയി.

കൈവിട്ട ഹൈപ്പ് തിരിച്ചുപിടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പേട്രിയറ്റിലെ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന ടോക്ക് ഷോ പുറത്തുവിടാനിരിക്കുകയാണ്. ഏപ്രില്‍ 23ന് പുറത്തുവിടുന്ന ടോക്ക് ഷോയുടെ പ്രൊമോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

പേട്രിയറ്റ് പ്രൊമോ Photo: Screen grab/ Jio Hotstar

കഴിഞ്ഞദിവസം പുറത്തുവിട്ട രസകരമായ പ്രൊമോയില്‍ ആരാണ് നായകനെന്ന കാര്യത്തിലായിരുന്നു ചര്‍ച്ച. പ്രകാശ് വര്‍മ ഇടപെട്ട് ആരാണ് നായകനെന്ന് സംവിധായകനോടെല്ലാം ചോദിക്കുന്നതും അതിന് മമ്മൂട്ടിയും മോഹന്‍ലാലും രസകരമായ മറുപടി നല്‍കുന്നതുമെല്ലാം ചിരിപടര്‍ത്തി. ഇപ്പോഴിതാ പുതിയ പ്രൊമോയില്‍ ഫഹദും കുഞ്ചാക്കോ ബോബനും തമ്മിലാണ് ചര്‍ച്ച. തങ്ങളെ ഒതുക്കിയോ എന്നുള്ള സംശയം ഇരുവരും പങ്കുവെക്കുന്നുണ്ട്.

ഒതുക്കിയതാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുമ്പോള്‍ അത് ശരിയാണെന്ന് ഫഹദ് പറയുന്നുണ്ട്. താന്‍ പുതിയതായി രണ്ടുമൂന്ന് റിയാക്ഷന്‍ ഇട്ടിട്ടുണ്ടെന്ന് ഫഫ പറയുമ്പോള്‍ അതും നീക്കിയിട്ടുണ്ടാകുമെന്ന് ചാക്കോച്ചന്‍ മറുപടി നല്‍കി. ബിഗ് എംസിന്റെ കൂടെയായതുകൊണ്ട് കുഞ്ചാക്കോ ബോബന്റെ സീനുകള്‍ കട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ഫഹദ് പറയുന്നുണ്ട്.

പേട്രിയറ്റ് പ്രൊമോ Photo: Screen grab/ Jio Hotstar

ഷൂട്ട് കഴിഞ്ഞ സിനിമ മഹേഷ് നാരായണ്‍ ആരെയും കാണിക്കുന്നില്ലെന്നും അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ ചോദിക്കാമായിരുന്നെന്നും ഫഹദ് ആത്മഗതം പറയുമ്പോഴാണ് പ്രകാശ് വര്‍മയുടെ എന്‍ട്രി. തന്നെ സിനിമ കാണിച്ചെന്ന് പ്രകാശ് വര്‍മ പറയുന്നുണ്ട്. ബെറ്ററായിട്ടുള്ള നടന്‍ ആരാണെന്ന് മമ്മൂട്ടി ചോദിക്കുന്നിടത്താണ് പ്രൊമോ അവസാനിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച പ്രൊമോഷന്‍ വീഡിയോകളിലൊന്നാകും ഇതെന്ന് ഓരോ പ്രൊമോയും അടിവരയിടുന്നുണ്ട്. ഈ പ്രൊമോയ്ക്ക് പുറമെ ചിത്രത്തിനായി ഗംഭീര പ്രീ റിലീസ് ഇവന്റ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ഏപ്രില്‍ 23ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം മെയ് മാസത്തിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Content Highlight: Patriot talk show promo featuring Fahadh and Kunchacko Boban viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം