ന്യൂദല്‍ഹി: ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വിവേചനം നേരിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എയിംസില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ഭൂരിഭാഗവും റോഡുകളിലും ഫുട്പാത്തുകളിലും ഉറങ്ങാന്‍ നിര്‍ബന്ധിതരാവുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എയിംസിന് സമീപത്തുള്ള റോഡരികിലും ഫുട്പാത്തുകളിലുമുള്ള രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. പിന്നാലെ തന്റെ എക്‌സില്‍ കുറിച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എയിംസിലെ രോഗികളോടും കൂട്ടിരിപ്പുകാരോടും കേന്ദ്ര സര്‍ക്കാരും ദല്‍ഹി സര്‍ക്കാരും വിവേചനം കാണിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരും ദല്‍ഹി സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പരാമര്‍ശിച്ചു.
എയിംസിന് സമീപത്തെ ഫുട്പാത്തിലും റോഡരികിലും കഴിയുന്ന രോഗികളെയും കുടുംബത്തെയും കണ്ടുവെന്നും അവരുടെ പ്രശ്‌നങ്ങളും പരാതികളും ചോദിച്ചറിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രോഗഭാരവും കഠിനമായ തണുപ്പും സര്‍ക്കാരിന്റെ നിര്‍വികാരതയുമാണ് ദല്‍ഹിയില്‍ എയിംസിലെത്തുന്ന ജനങ്ങള്‍ നേരിടുന്നതെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.