ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ലങ്കന്‍ സിംഹവും; ദില്‍ശനെ വെട്ടിയാണ് ഇവന്റെ തേരോട്ടം!
Cricket
ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ലങ്കന്‍ സിംഹവും; ദില്‍ശനെ വെട്ടിയാണ് ഇവന്റെ തേരോട്ടം!
ശ്രീരാഗ് പാറക്കല്‍
Friday, 20th February 2026, 7:15 pm

ടി-20 ലോകകപ്പില്‍ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംബാബ്‌വേ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. ആറ് വിക്കറ്റിനാണ് ഷെവ്റോണ്‍സ് ലങ്കയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വേ നാല് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് അവശേഷിക്കെ 182 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ലങ്കയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ പാത്തും നിസംഗയാണ്. 41 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. ടീമിന്റെ ടോപ് സ്‌കോററായിരുന്നു നിസംഗ. 151.21 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും നിസംഗയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന ഓപ്പണറുടെ ലിസ്റ്റില്‍ മൂന്നാമനാകാനാണ് താരത്തിന് സാധിച്ചത്.

നിസംഗ

ഈ ലിസ്റ്റില്‍ വിന്‍ഡീസ് വീരന്‍ ക്രിസ് ഗെയ്‌ലും സൂപ്പര്‍ താരം രോഹിത് ശര്‍മയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം മുന്‍ ലങ്കന്‍ താരം തിലകരത്‌നെ ദില്‍ശനെ മറികടന്നാണ് നിസംഗ ഈ നേട്ടത്തില്‍ മൂന്നാമനായത്.

ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന ഓപ്പണര്‍

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 9

രോഹിത് ശര്‍മ (ഇന്ത്യ) – 9

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 8

പാത്തും നിസംഗ (ശ്രീലങ്ക) – 7*

തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക) – 6

അതേസമയം സൂപ്പര്‍ 8ല്‍, പ്രത്യേകിച്ച് ഗ്രൂപ്പ് വണ്ണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തന്നെയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്. ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.

പരാജയമറിയാത്ത നാല് ടീമും ഒരു ഗ്രൂപ്പിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ലെ എല്ലാ ടീമുകളും മൂന്ന് ജയവും ഓരോ തോല്‍വിയും കൈമുതലായി ഉള്ളവരാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് 2ലെ ടീമുകള്‍.

സൂപ്പര്‍ 8ല്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

Content Highlight: Pathum Nissanka In Great Record List In T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ