പഠാന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനില്‍ നാലുപേര്‍ പിടിയില്‍
Daily News
പഠാന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനില്‍ നാലുപേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2016, 12:34 pm

pathankot

ഇസ്‌ലാമാബാദ്:  പഠാന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയവരുടെ സഹായികളെന്ന് കരുതുന്ന 4 പേരെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബഹാവല്‍പുര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളാണിവ.

ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാന്‍ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിന് പിന്നാലെയാണ് 4 പേരെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പുറത്തു വരുന്നത്. അന്വേഷണത്തിനായി സംയുക്ത അന്വേഷണ ഏജന്‍സിയെ പാകിസ്ഥാന്‍ നിയോഗിച്ചിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ), രഹസ്വാന്വേഷണ വിഭാഗം (ഐഎസ്‌ഐ), ഭീകരവാദ വിരുദ്ധ വിഭാഗം (സിടിഡി) എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.

അഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജന്‍ജുവ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായ സര്‍താജ് അസീസ്, താരിഖ് ഫത്തേമി, ധനകാര്യമന്ത്രി ഇശാഖ് ദര്‍ എന്നിവരുള്‍പ്പടെ പങ്കെടുത്ത യോഗമാണ് സംയുക്താന്വേഷണം പ്രഖ്യാപിച്ചത്.

ഇന്ത്യാ-പാക് ബന്ധം എങ്ങനെ മുന്നോട്ടു പോവുമെന്നത് പാകിസ്ഥാന്റെ അന്വേഷണത്തെ കേന്ദ്രീകരിച്ചായിരിക്കും. നടപടിയില്ലാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പറഞ്ഞിരുന്നു.