പത്തനംതിട്ട അതിക്രമം; പൊലീസുകാർക്കെതിരെ കേസ് എടുത്തു
Kerala News
പത്തനംതിട്ട അതിക്രമം; പൊലീസുകാർക്കെതിരെ കേസ് എടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2025, 12:37 pm

പത്തനംതിട്ട: പത്തനംതിട്ടയിൽ വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 അംഗ സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പൊലീസുകാർക്കെതിരെ കേസെടുത്തു. മര്‍ദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ എസ്.ഐ ജിനുവിനും സംഘത്തിനും ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറഞ്ഞു.

വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്. ജിനുവും സംഘവുമാണ് സംഘത്തെ ആക്രമിച്ചത്.

പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയായിരുന്നു എന്നാൽ ആളുമാറി വിവാഹ സംഘത്തെ ആക്രമിക്കുകയായിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ പത്തനംതിട്ട  ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ലാത്തികൊണ്ടുള്ള ആക്രമണത്തിൽ സംഘത്തിലുള്ള സ്ത്രീയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവരുടെ ഭർത്താവിന്റെ തലക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് സംഘം പറയുന്നത്.

അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡി.വൈ.എസ്.പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡി.വൈ.എസ്.പി രേഖപ്പെടുത്തി.

 

Content Highlight: Pathanamthitta Atrocities; A case was filed against the policemen