വിദേശത്ത് ടിക്കറ്റ് കിട്ടാനില്ല, പത്താന്റെ എല്ലാ ഷോയും ഹൗസ്ഫുള്‍; ഷാരൂഖ് ചിത്രത്തിന് ഡിമാന്‍ഡ് കൂടുന്നു
Film News
വിദേശത്ത് ടിക്കറ്റ് കിട്ടാനില്ല, പത്താന്റെ എല്ലാ ഷോയും ഹൗസ്ഫുള്‍; ഷാരൂഖ് ചിത്രത്തിന് ഡിമാന്‍ഡ് കൂടുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd January 2023, 11:15 pm

ഇന്ത്യന്‍ സിനിമാ മേഖലക്ക് പുറത്തേക്കും ചര്‍ച്ചാവിഷയമായ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍. ചിത്രത്തിലെ ഗാനരംഗങ്ങളിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ വലിയ ഹേറ്റ് ക്യാമ്പെയ്‌നാണ് നടക്കുന്നത്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

റിലീസിന് മുന്നോടിയായി പത്താന് റെക്കോര്‍ഡ് പ്രീ-റിലീസ് ബുക്കിങ് ലഭിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജനുവരി 18ന് ബുക്കിങ് ആരംഭിച്ച ജര്‍മനിയിലെ എല്ലാ ഷോയും ഹൗസ്ഫുള്ളാണ്. ബെര്‍ലിന്‍, എസ്സെന്‍, ഡാംഡോര്‍, ഹാര്‍ബര്‍ഗ്, ഹാനോവര്‍, മ്യൂണിക്ക്, ഒഫെന്ഡബാഗ് എന്നീ നഗരങ്ങളിലെല്ലാം റെക്കോര്‍ഡ് ബുക്കിങ്ങാണ് പത്താന് ലഭിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിലീസിന് ഏകദേശം ഒരു മാസം ഉണ്ടെങ്കിലും നിമിഷനേരം കൊണ്ട് ടിക്കറ്റുകള്‍ വിറ്റുതീരുന്നതായി ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ട്രെന്‍ഡ് ഇന്‍ഡസ്ട്രിക്കാകെ ഉണര്‍വ് നല്‍കും. പത്താന്‍ ഒരു ഹോട്ട് പ്രൊഡക്ടാണ്. മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും സമാനമായ റിപ്പോര്‍ട്ടുകളുണ്ടാവും, ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

അതേസമയം പത്താനെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പിന്നാലെ ബേഷരംഗ് എന്ന ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പത്താന്‍ സിനിമയിലെ മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഉടന്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ മറുപടി നല്‍കി.

ഗാനം റിലീസായ ദിവസം മുതല്‍ പത്താനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വലിയ വിദ്വേഷ ക്യാമ്പെയ്‌നുമായി രംഗത്തുവന്നിരുന്നു. ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് സംഘപരിവാര്‍ കേന്ദങ്ങളെ ചൊടിപ്പിച്ചത്. മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുള്‍പ്പെടെ നിരവധി പേരാണ് ഗാനത്തിനെതിരെ രംഗത്ത് വന്നത്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: Pathan records pre-release bookings ahead of release in germany