തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി; ബാബ രാംദേവിനോട് കോഴിക്കോട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി
Kerala
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി; ബാബ രാംദേവിനോട് കോഴിക്കോട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 8:52 am

കോഴിക്കോട്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്‌ജലി ഉടമസ്ഥർ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയിൽ ഹാജരാവാൻ നിർദേശം.

കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ജൂൺ മൂന്നിന് കോടതിയിൽ ഹാജരാവാനാണ് നിർദേശം.

മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ പതഞ്‌ജലി ഉത്പന്നത്തെക്കുറിച്ച് നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയ കേസിലാണ് കോടതിയുടെ നിർദേശം.

1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ പരസ്യങ്ങൾ) ആക്ടിലെ സെക്ഷൻ 10 പ്രകാരം കോഴിക്കോട് അസിസ്റ്റൻ്റ് ഡ്രഗ്‌സ് കൺട്രോളർ വിഭാഗം ഏപ്രിലിൽ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കേസിൽ ബാബ രാംദേവ് രണ്ടാം പ്രതിയും ആചാര്യ ബാലകൃഷ്ണൻ മൂന്നാം പ്രതിയുമാണ്. പതഞ്‌ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ് കേസിലെ ഒന്നാം പ്രതി.

ദിവ്യ ലിപിഡോം എന്ന പതഞ്ജലിയുടെ ഉത്പന്നം കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന വാദത്തോടെ കമ്പനി പരസ്യം നൽകിയിരുന്നു. ഒപ്പം നുട്രീല ഡിയബെറ്റീസ് എന്ന ഉത്പന്നം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുമെന്നും ശരീരഭാരം കുറക്കുമെന്നും അവകാശപ്പെട്ടിരുന്നു. അതോടൊപ്പം ലൈംഗീകാനുബന്ധ പ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും ശാസ്ത്രീയ പരിഹാരമാണെന്ന് അവകാശപ്പെട്ടും പതഞ്‌ജലി അഞ്ച് മരുന്നുകൾ ഇറക്കുകയും പരസ്യം നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം 54 തരം രോഗങ്ങളുടെ മരുന്നുകൾക്ക് പരസ്യം നൽകാൻ പാടില്ല. അതിൽ ഉൾപ്പെടുന്നതാണ് ഈ ഉത്പന്നങ്ങൾ. ഈ നിയമത്തിന് വിരുദ്ധമായി പതഞ്ജലി പരസ്യം നൽകിയെന്നാണ് പരാതി.

നേരത്തെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ അസിസ്റ്റൻ്റ് ഡ്രഗ്‌സ് കൺട്രോളറുടെ ഓഫീസുകൾ സ്ഥാപനത്തിനെതിരെ 29 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ദിവ്യ ഫാർമസിക്കെതിരെ ആദ്യം പരാതി നൽകിയത് 2022 ഫെബ്രുവരി 22-ന് കണ്ണൂരിലെ നേത്രരോഗ വിദഗ്ധൻ കെ.വി.ബാബു ആയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നുള്ള അന്വേഷണം നിയമ ലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു.

പതഞ്‌ജലി ഗ്രൂപ്പിനെതിരെ രാജ്യത്ത് ആദ്യമായയാണ് കോടതി സമൻസ് അയക്കുന്നത്. കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഷാജി.എം. വർഗീസ് രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡ് കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

 

Content Highlight: Patanjali owners are asked to visit Kozhikode fourth first class judicial court