പരിക്കിന് പിന്നാലെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ നേട്ടവുമായി സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ആഷസ് ട്രോഫിക്കായുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇതിഹാസ താരം ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് കമ്മിന്‍സിനെ തേടി ഈ ഒന്നാം സ്ഥാനമെത്തിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ജോ റൂട്ടിനെ പുറത്താക്കുന്ന ബൗളറെന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ഇത് 12ാം തവണയാണ് റൂട്ട് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കമ്മിന്‍സിനോട് തോറ്റ് പുറത്താകുന്നത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് 30 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലാണ്. 50 പന്തില്‍ 15 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും 41 പന്തില്‍ 35 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
റൂട്ടിന് പുറമെ സാക്ക് ക്രോളി (19 പന്തില്‍ 9), ബെന്‍ ഡക്കറ്റ് (60 പന്തില്‍ 29), ഒലി പോപ്പ് (10 പന്തില്‍ 3) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ അലക്‌സ് കാരിയുടെ സെഞ്ച്വറി കരുത്തില്‍ 371 റണ്‍സ് നേടി. 143 പന്ത് നേരിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 106 റണ്‍സ് നേടി. 126 പന്തില്‍ 82 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 54 റണ്‍സടിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനവും ഓസ്‌ട്രേലിയന്‍ നിരയില്‍ നിര്‍ണായകമായി.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. വില്‍ ജാക്‌സും ബ്രൈഡന്‍ കാര്‍സും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ടംഗാണ് ശേഷിച്ച വിക്കറ്റെടുത്തത്.