ഹൈദരാബാദ് ഇനി ഡബിള്‍ സ്‌ട്രോങ്; സൂപ്പര്‍ താരം തിരിച്ചെത്തുന്നു!
Cricket
ഹൈദരാബാദ് ഇനി ഡബിള്‍ സ്‌ട്രോങ്; സൂപ്പര്‍ താരം തിരിച്ചെത്തുന്നു!
ശ്രീരാഗ് പാറക്കല്‍
Thursday, 16th April 2026, 10:35 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സന്തോഷവാര്‍ത്ത. സൂപ്പര്‍ ബൗളറും ഹൈദരാബാദ് ക്യാപ്റ്റനുമായ ഓസീസ് താരം പാറ്റ് കമ്മിന്‍സ് വൈകാതെ ടീമിലെത്തും. ഐ.പി.എല്ലില്‍ കളിക്കാന്‍ താരത്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എന്നാല്‍ ഏപ്രില്‍ 18ന് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മത്സരത്തില്‍ കമ്മിന്‍സ് കളിക്കില്ല. ഏപ്രില്‍ 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് അദ്ദേഹം ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നത്. പരിക്കില്‍ നിന്ന് മോചിതനായ താരത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

പാറ്റ് കമ്മിന്‍സ്

നിലവില്‍ മികച്ച ബൗളിങ് പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവെക്കുന്നത്. പ്രഫുല്‍ ഹിംഗെ, സാകിബ് ഹുസൈന്‍ തുടങ്ങിയ യുവ താരങ്ങള്‍ക്കൊപ്പം കമ്മിന്‍സുമെത്തുമ്പോള്‍ ടീമിന് വലിയ ഊര്‍ജമാണ് ലഭിക്കുക.

2025ലെ ഐ.പി.എല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. സീസണില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ മികച്ച ബൗളിങ് പ്രകടനവും കമ്മിന്‍സിനുണ്ടായിരുന്നു. അതേസമയം ഐ.പി.എല്ലില്‍ 72 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 30.04 എന്ന ആവറേജും 8.81 എന്ന എക്കോണമിയും താരത്തിനുണ്ട്. ബാറ്റിങ്ങില്‍ 612 റണ്‍സും നേടാന്‍ താരത്തിന് സാധിച്ചു.

അതേസമയം ഐ.പി.എല്ലില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്. നാല് പോയിന്റാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.

ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും തീപാറുന്ന ബൗളിങ്ങിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. മത്സരത്തില്‍ ഇരുവരും ഫോര്‍ഫര്‍ നേടിയരുന്നു.

Content Highlight: Pat Cummins Return In Sunrisers Hyderabad

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ