നാല് വര്‍ഷത്തില്‍ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ മോഷ്ടിച്ചത് നൂറ് കോടിയുടെ പുതപ്പും ബെഡ്ഷീറ്റും; പിഴയൊടുക്കുന്നത് കരാര്‍ ജീവനക്കാര്‍
national news
നാല് വര്‍ഷത്തില്‍ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ മോഷ്ടിച്ചത് നൂറ് കോടിയുടെ പുതപ്പും ബെഡ്ഷീറ്റും; പിഴയൊടുക്കുന്നത് കരാര്‍ ജീവനക്കാര്‍
ആദർശ് എം.കെ.
Monday, 13th July 2026, 8:02 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ നടത്തുന്ന വന്‍ മോഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എ.സി കോച്ചുകളില്‍ നിന്ന് 1.27 കോടിയിലധികം ബെഡ്ഷീറ്റുകളും ടവലുകളും കമ്പിളി പുതപ്പുകളുമാണ് യാത്രക്കാര്‍ മോഷ്ടിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ രാജ്യത്തെ 69 റെയില്‍വേ ഡിവിഷനുകളില്‍ നല്‍കിയ വിവരാവകാശ അപേക്ഷകളിലൂടെയാണ് ഈ വമ്പന്‍ കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്.

വിവരാവകാശ രേഖകള്‍ പ്രകാരം 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ കുറഞ്ഞത് 1,27,15,441 (1.27 കോടി) പുതപ്പും ടവലുകളും മറ്റ് വസ്തുക്കളും യാത്രക്കാര്‍ കടത്തിക്കൊണ്ടുപോയത്.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം 2022ല്‍ ബെഡ്റോള്‍ സേവനം റെയില്‍വേ പൂര്‍ണമായി പുനരാരംഭിച്ചതിന് ശേഷം ഇത്തരം മോഷണങ്ങളില്‍ 56 ശതമാനത്തിന്റെ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

ഈ മോഷണങ്ങള്‍ വഴി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏകദേശം 104.51 കോടി രൂപയുടെ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. എന്നാല്‍ പല ഡിവിഷനുകളും പൂര്‍ണമായ കണക്കുകള്‍ ലഭ്യമാക്കാത്തതിനാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും എത്രയോ മുകളിലാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശരാശരി 1,000 എസി കോച്ച് യാത്രക്കാരില്‍ ഒരാള്‍ വീതം ഒരു സാധനമെങ്കിലും മോഷ്ടിക്കുന്നുണ്ടെന്നാണ് റെയില്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുഖം തുടയ്ക്കാനായി നല്‍കുന്ന ചെറിയ ടവലുകളാണ് യാത്രക്കാര്‍ എ.സി കോച്ചുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൈക്കലാക്കിയത്. ഇത്തരത്തില്‍ 46.54 ലക്ഷം ടവലുകളാണ് ഈ നാല് വര്‍ഷത്തില്‍ മാത്രം മോഷ്ടിക്കപ്പെട്ടത്. 41.3 ലക്ഷം ബെഡ് ഷീറ്റുകളും 23.59 ലക്ഷം പില്ലോ കവറുകളും യാത്രക്കാര്‍ മോഷ്ടിച്ചെടുത്തു. ഇതിന് പുറമെ 12.95 കമ്പികളികളും 2.76 ലക്ഷം തലയിണകളും യാത്രക്കാര്‍ കൈക്കലാക്കിയിട്ടുണ്ട്.

രാജസ്ഥാനിലെ ബിക്കാനീര്‍ ഡിവിഷനിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷണം നടന്നത്. ഇവിടെ നിന്ന് മാത്രം 25.76 ലക്ഷം സാധനങ്ങളാണ് കാണാതായത്. ബിക്കാനീറില്‍ ബെഡ്ഷീറ്റുകളാണ് കൂടുതല്‍ മോഷണം പോയതെങ്കില്‍, ജോധ്പൂരില്‍ കമ്പിളി പുതപ്പുകളാണ് യാത്രക്കാര്‍ കൂടുതല്‍ കടത്തിയത്.

റാഞ്ചിയില്‍ നിന്നും 9.31 ലക്ഷം സാധനങ്ങളും ദല്‍ഹി ഡിവിഷനില്‍ നിന്ന് 8.21 ലക്ഷം സാധനങ്ങളുമാണ് മോഷ്ടിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദല്‍ഹിയില്‍ മോഷണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയില്‍ നിന്നും 8.17 ലക്ഷം വസ്തുക്കളും മോഷണം പോയിട്ടുണ്ട്.

കേരളത്തിലെ പാലക്കാട് ഡിവിഷനിലും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഡിവിഷനിലും ഇത്തരത്തിലുള്ള മോഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, യാത്രക്കാര്‍ നടത്തുന്ന ഈ മോശം പ്രവൃത്തിയുടെ ഭാരം മുഴുവന്‍ ചുമക്കേണ്ടി വരുന്നത് ട്രെയിനുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട കോച്ച് അറ്റന്‍ഡന്റ്മാരാണ്.

റെയില്‍വേ ഈ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കുമ്പോള്‍, കരാറുകാര്‍ ഈ തുക അറ്റന്‍ഡന്റര്‍മാരുടെ തുച്ഛമായ ശമ്പളത്തില്‍ നിന്നാണ് പിടിച്ചെടുക്കുന്നത്.

ഒരു ദിവസം വെറും 700 രൂപ മാത്രം ശമ്പളമുള്ള ഈ തൊഴിലാളികള്‍ക്ക്, മോഷണം കാരണം മാസം 2,000 മുതല്‍ 3,000 രൂപ വരെ ശമ്പളത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. നഷ്ടപ്പെടുന്ന ഓരോ കമ്പിളി പുതപ്പിനും 343 രൂപയും, ബെഡ്ഷീറ്റിന് 198 രൂപയും വീതം ഈ പാവപ്പെട്ട തൊഴിലാളികളുടെ കൈയില്‍ നിന്നാണ് ഈടാക്കുന്നത്.

യാത്രക്കാരുടെ ഈ പ്രവണത കാരണം നിരന്തരം പുതിയ ബെഡ്റോള്‍ സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നത് സര്‍ക്കാരിന് വലിയ ബാധ്യതയാവുകയാണ്. മോഷണം തടയാനായി റെയില്‍വേ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്.

കോച്ചുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും ‘കോച്ച് മിത്ര’ ആപ്പ് ഉപയോഗിച്ച് സാധനങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്ത് മോഷണം തടയാനുമാണ് റെയിവല്‍വേ ശ്രമിക്കുന്നത്.

യാത്രക്കാര്‍ അവരുടെ സ്റ്റേഷനില്‍ ഇറങ്ങുന്നതിന് 30 മിനിട്ട് മുമ്പ് തന്നെ ബെഡ്ഷീറ്റുകളും ടവലുകളും അറ്റന്‍ഡന്ററിന് തിരികെ നല്‍കണമെന്ന നിര്‍ദേശം കര്‍ശനമാക്കും. കൂടാതെ സാധനങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അറ്റന്‍ഡന്റ്മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

റെയില്‍വേ പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ട്രെയിനിലെ സാധനങ്ങള്‍ മോഷ്ടിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും, സംശയമുള്ള യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് പൂര്‍ണ അധികാരമുണ്ടെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

 

Content Highlight:  Passengers stole blankets and bedsheets worth ₹100 crore from AC coaches over four years.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.