കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു ഉള്ളൊഴുക്ക്. നവാഗതനായ ക്രിസ്‌റ്റോ ടോമി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നത്. നിരൂപക പ്രശംസകളേറ്റുവാങ്ങിയ ചിത്രത്തിന് സംസ്ഥാന ദേശീയ അവാര്‍ഡുകളും ലഭിച്ചു.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്. രണ്ട് വര്‍ഷത്തോളമായി നല്ല കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഒരുപാട് കഥകള്‍ക്ക് ശേഷമാണ് ഉള്ളൊഴുക്കിന്റെ കഥ തന്നെത്തേടി വന്നതെന്നും പാര്‍വതി പറഞ്ഞു. ജെ.എഫ്.ഡബ്ല്യൂ ബിഞ്ച് ഫിലിം അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.
‘നല്ല കഥകളും കഥാപാത്രങ്ങളും ഉണ്ടാകുമ്പോഴും എനിക്ക് അര്‍ഹതപ്പെട്ടത് വരുമെന്ന് നല്ല ആത്മവിശ്വാസമായിരുന്നു. എന്റെ കൈയിലുള്ള പണിസാധനങ്ങളെല്ലാം മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ക്രിസ്‌റ്റോ ടോമി എന്റെയടുത്ത് ഉള്ളൊഴുക്കിന്റെ കഥയുമായി വന്നത്. എന്നാല്‍ സ്‌ക്രിപ്റ്റ് കേട്ടതും ഞാന്‍ ഓടി.
ഇത് വല്ലാതെ ഡാര്‍ക്കായിട്ടുള്ള കഥയാണ്. ഞാന്‍ കുറച്ച് ഡാര്‍ക്കാണെങ്കിലും ഇത്രയും ഡാര്‍ക്കായിട്ടുള്ള പരിപാടി എന്നെക്കൊണ്ട് തീരെപ്പറ്റില്ലെന്ന് ക്രിസ്റ്റോയോട് പറഞ്ഞു. വല്ലാതെ ഇന്റന്‍സായിട്ടുള്ള കഥയാണ് ഇതെന്നും ഞാന്‍ ക്രിസ്റ്റോയോട് പറഞ്ഞു. പക്ഷേ, അയാള്‍ എന്നെ കണ്‍വിന്‍സ് ചെയ്തു. പിന്നെ ഉര്‍വശി മാമിനെപ്പോലൊരു ലെജന്‍ഡുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.
ആലപ്പുഴയില്‍ ക്രിസ്റ്റോയുടെ വീടിനടുത്തായിരുന്നു ഷൂട്ട്. കെട്ടുവള്ളത്തിലായിരുന്നു പോയി ഇരുന്നത്. വാനിറ്റി വാന്‍ പോലെ അത് സെറ്റ് ചെയ്ത് വെച്ചിരുന്നു. അതിലിരുന്നാണ് ക്രിസ്‌റ്റോ എനിക്കും ഉര്‍വശി ചേച്ചിക്കും സീന്‍ പറഞ്ഞു തന്നിരുന്നത്. അത് കൃത്യമായി കേട്ട് മനസില്‍ ആ കഥ സങ്കല്പിച്ച് നോക്കിയിട്ടൊക്കെയാണ് പെര്‍ഫോം ചെയ്തത്.
ഉര്‍വശി ചേച്ചിയുള്ളതുകൊണ്ട് പണ്ടത്തെ കഥകളും അനുഭവങ്ങളുമെല്ലാം പറഞ്ഞ് അത്യാവശ്യം കളിച്ച് ചിരിച്ച് ഇരിക്കുമായിരുന്നു. പക്ഷേ, സിനിമയില്‍ ആ കഥാപാത്രങ്ങള്‍ അനുഭവിച്ച അതേ വീര്‍പ്പമുട്ട് ഞങ്ങളും അനുഭവിച്ചിരുന്നു. പിന്നെ ഓരോ സീന്‍ എടുക്കുമ്പോഴും മുങ്ങാംകുഴിയിടുന്നതിന് മുമ്പ് ശ്വാസമെടുക്കുന്നതുപോലെ ഒരു തയ്യാറെടുപ്പ് നടത്താറുണ്ട്,’ പാര്‍വതി പറയുന്നു.
Content Highlight: Parvathy Thiruvoth shares the experience of Ullozhukk movie