ഒ.ടി.ടിയില്‍ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ സങ്കടമാണുണ്ടായത്, പിന്നെ തീരുമാനം മാറാന്‍ കാരണമുണ്ടായി; മാലിക്കിനെക്കുറിച്ച് പാര്‍വതി കൃഷ്ണ
Entertainment news
ഒ.ടി.ടിയില്‍ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ സങ്കടമാണുണ്ടായത്, പിന്നെ തീരുമാനം മാറാന്‍ കാരണമുണ്ടായി; മാലിക്കിനെക്കുറിച്ച് പാര്‍വതി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd August 2021, 1:03 pm

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മാലിക് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തപ്പോള്‍ സങ്കടമാണ് തോന്നിയതെന്ന് നടി പാര്‍വതി കൃഷ്ണ. വലിയ ജനക്കൂട്ടത്തിനിടയില്‍ തന്നെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും നാനക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.

‘ഒ.ടി.ടിയില്‍ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ സങ്കടമായിരുന്നു. ഇത്രയും ജനക്കൂട്ടത്തിനിടയില്‍ എന്നെ കാണണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. ആ സമയത്താണ് കുഞ്ഞുണ്ടായത്. പിന്നെ ഈ സിറ്റുവേഷനില്‍
എനിക്ക് തിയേറ്ററിലൊന്നും പോകാന്‍ പറ്റത്തില്ല. ഇതാവുമ്പോള്‍ ഫാമിലിയോടൊപ്പം ഇരുന്ന് കാണാമല്ലോ എന്ന് തോന്നി,’ പാര്‍വതി കൃഷ്ണ പറഞ്ഞു.

ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് നേരത്തേ പാര്‍വതി കൃഷ്ണ പറഞ്ഞിരുന്നു.

‘ഒരു ഓഡിഷന്‍ പോലും ജീവിതത്തില്‍ അറ്റന്‍ഡ് ചെയ്യാത്തയാളാണ് ഞാന്‍. എനിക്ക് നല്ല മടിയാണ്. ക്യൂവായി കുറേ പേര്‍ നില്‍ക്കും എന്നൊക്കെയായിരുന്നു ഓഡിഷനെപ്പറ്റിയുള്ള എന്റെ ധാരണ. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അങ്ങനെയൊന്നുമില്ലായിരുന്നു.

സിനിമയിലെ ഒരു സീന്‍ തന്നെ എനിക്ക് പെര്‍ഫോം ചെയ്യാന്‍ തന്നു. ഞാനത് ചെയ്തു. അതുകഴിഞ്ഞ് ഒരു ദിവസം കൂടി വരണം എന്ന് പറഞ്ഞു. ഫ്രെഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സനലേട്ടനുമായിട്ടുള്ള കോമ്പിനേഷന്‍ സീനായിരുന്നു തന്നത്.

അങ്ങനെ ഞങ്ങള്‍ രണ്ടാളെയും തെരഞ്ഞെടുത്തു. ഒരുപാട് ഓഡിഷന്‍ നടന്ന ക്യാരക്ടറാണ് ഇതെന്നാണ് ഞാന്‍ അറിഞ്ഞത്,’ പാര്‍വതി പറഞ്ഞു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജലജ, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മാലിക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Parvathy Krishna says about Malik ott release