'രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും'; മൂത്തോന്‍ കണ്ട അനുഭവം പങ്കുവെച്ച് പാര്‍വതി
Malayalam Cinema
'രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും'; മൂത്തോന്‍ കണ്ട അനുഭവം പങ്കുവെച്ച് പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2019, 5:28 pm

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ സിനിമയായ മൂത്തോന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മൂത്തോനിലെ അക്ബറിനെയും അമീറിനെയും മുല്ലയെയും റോസിയെയും എല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ മൂത്തോനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത് നടി പാര്‍വതി തിരുവോത്താണ്. സിനിമ കണ്ടുവന്ന അടുത്ത ദിവസം രാവിലെ താന്‍ കേട്ട അമ്മയുടെ വാക്കുകളാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘മൂത്തോന്‍ രണ്ടാം തവണയും ഞാന്‍ കണ്ടു. ഇന്നലെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് രണ്ടാമത് കണ്ടത്. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. രാവിലെ അമ്മ പറയുന്നത് കേട്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. ‘എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’ എന്നായിരുന്നു അമ്മ പറഞ്ഞത്.’ പാര്‍വ്വതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ചിത്രത്തെ പുകഴ്ത്തി , മഞ്ജുവാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും രംഗത്ത് എത്തിയിരുന്നു. മൂത്തോന്‍ സിനിമയ്ക്ക് നടന്‍ ജോജു ജോര്‍ജും സംവിധായകന്‍ ജൂഡ് ആന്റണിയും അഭിനന്ദനങ്ങളറിയിച്ചിരുന്നു. അടുത്ത ദേശീയ അവാര്‍ഡിന് നിങ്ങളും കാണും എന്നായിരുന്നു ജോജുവിന്റെ ഫേയ്സ്ബുക്ക പോസ്റ്റ്.

നവംബര്‍ നാലിനാണ് മൂത്തോന്‍ തിയറ്ററുകളില്‍ എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്ന സിനിമയാണ് മൂത്തോന്‍.

നിവിന്‍ പോളി, റോഷന്‍ മാത്യൂസ്, ശശാങ്ക് അറോറ, ശോഭിതാ ധുലിപാല, ദിലീഷ് പോത്തന്‍, സഞ്ജന, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജീവ് രവി ഛായാഗ്രഹണം നിശ്ചയിച്ചിരിക്കുന്ന ചിത്രം മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

DoolNews Video