കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചു: ഇ.പി. ജയരാജൻ
Kerala News
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചു: ഇ.പി. ജയരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2023, 1:31 pm

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു ബാങ്കുമായി ബന്ധപ്പെട്ട് മാത്രം അവസാനിക്കേണ്ടിയിരുന്ന കേസ് ഇപ്പോൾ സഹകരണ മേഖലക്ക് മൊത്തത്തിൽ കളങ്കമുണ്ടാക്കിയെന്നും ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇ.പി. ജയരാജൻ പറഞ്ഞു.

‘ഒരു സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കേസ് ശക്തമായ നടപടികൾ സീകരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അത് സഹകരണ മേഖലക്കാകെ കളങ്കമുണ്ടാക്കി എന്നത് വസ്തുതയാണ്. അത് അവിടെ തന്നെ അവസാനിപ്പിക്കേണ്ടതായിരുന്നു, അതിന് കഴിഞ്ഞില്ല എന്നത് ഒരു വീഴ്ച തന്നെയാണെന്ന് കണക്കാക്കിക്കോളൂ,’ അദ്ദേഹം പറഞ്ഞു.

കരുവന്നൂർ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയാൻ തന്റെ കൈയിൽ തെളിവുകളില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അങ്ങനെ പറഞ്ഞെങ്കിൽ അദ്ദേഹത്തോടാണ് അത് ചോദിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.ഐ.എം നിലപാടിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ഉൾപ്പെട്ടവർ രാഷ്ട്രീയക്കാരാണെങ്കിലും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരമൊരു അവസ്ഥ ആ ബാങ്കിൽ സൃഷ്ടിച്ചവർക്ക്, അത് ഭരണസമിതി അംഗങ്ങളാകട്ടെ, ജീവനക്കാരാകട്ടെ, അതിന് സഹായിച്ച രാഷ്ട്രീയക്കാരുണ്ടെങ്കിൽ അവരുമാകട്ടെ, അവർക്കെതിരെ ഒരു വിട്ടുവീഴ്ചയും കൂടാതെ ശരിയായ നടപടികൾ സ്വീകരിച്ച് കോടതി മുമ്പാകെയുള്ള നിയമനടപടികൾ സ്വീകരിക്കണം,’ ഇ.പി. പറഞ്ഞു.

കേസിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘കുറേ കാലം ജയിലിൽ കിടന്ന ഒരാൾ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് എന്റെ പേര് വലിച്ചിഴക്കുകയാണ്. ഇതിന് പിന്നിൽ ചില ആസൂത്രിതമായ ഗൂഢാലോചനകൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനെതിരെ ഞാൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഡ്രൈവർ എന്ന് പറയുന്ന ആൾക്കെതിരെ ഇ.ഡി അന്വേഷണം നടത്തണം. അയാളെ ചോദ്യം ചെയ്യണം.

എന്റെ ഒരു നിരീക്ഷണത്തിൽ ഈ കേസ് തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന് സംശയിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മട്ടന്നുകാരനായ പി. സതീഷ്കുമാറിനെ തനിക്ക് അറിയാമെന്നും എന്തെങ്കിലും സഹായം ആവശ്യപ്പെട്ട് അയാളോ സഹോദരനോ തന്നെ സമീപിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ഡൂള്ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില് പിന്തുടരാന് ഇവിടെ ക്ലിക് ചെയ്യുക

Content Highlight: Party failed in handling karuvannur bank scam case: EP Jayarajan