ഹോളിക്കിടെ സംഘര്‍ഷം, ഹിന്ദു യുവാവിന്റെ മരണം; ദല്‍ഹിയില്‍ 70 കടകള്‍ ഇടിച്ചുനിരത്തി
national news
ഹോളിക്കിടെ സംഘര്‍ഷം, ഹിന്ദു യുവാവിന്റെ മരണം; ദല്‍ഹിയില്‍ 70 കടകള്‍ ഇടിച്ചുനിരത്തി
ആദര്‍ശ് എം.കെ.
Monday, 16th March 2026, 8:48 am

 

ന്യൂദല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദല്‍ഹി, ഉത്തംനഗറില്‍ 70 കടകളുടെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റി. അനധികൃത നിര്‍മാണമെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി. കാല്‍നടക്കാര്‍ക്ക് തടസ്സമായ വസ്തുക്കള്‍ മാറ്റിയെന്നാണ് ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.

മാര്‍ച്ച് നാലിന് നടന്ന ഹോളി ആഘോഷത്തിനിടെ മുസ്‌ലിം സ്ത്രീയുടെ മേല്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇരു മതവിഭാഗങ്ങളില്‍പ്പെട്ട അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 11 വയസുകാരിയായ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും വാട്ടര്‍ ബലൂണ്‍ അബദ്ധത്തില്‍ മുസ്‌ലിം സ്ത്രീയുടെ മേല്‍ പതിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സംഘര്‍ഷത്തില്‍ തരുണ്‍ ഭൂട്ടോലിയ എന്ന 26കാരന്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ പ്രദേശത്ത് സംഘര്‍ഷം വ്യാപിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. തുടര്‍ന്ന് പൊലീസിനെയും അര്‍ധ സൈനിക സേനയെയും സ്ഥലത്ത് വിന്യസിച്ചു.

ഈ പശ്ചാത്തലത്തിലാണ് കോര്‍പ്പറേഷന്റെ പൊളിക്കല്‍ നടപടികള്‍ എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ സ്ഥിരമായ ഒരു കെട്ടിടവും തങ്ങള്‍ പൊളിച്ചുമാറ്റിയിട്ടില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ കേണല്‍ വിനോദ് മാധ്യമങ്ങളോട് പറഞ്ഞത്.

തരുണിന്റെ മരണത്തില്‍ കുറ്റാരോപിതനായ വ്യക്തിയുടെ കെട്ടിട ഭാഗങ്ങള്‍ മാര്‍ച്ച് എട്ടിന് അനധികൃത നിര്‍മാണെന്നാരോപിച്ച് പൊളിച്ചുമാറ്റിയിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 70 കടകളെ ലക്ഷ്യമിട്ടുള്ള പൊളിക്കല്‍ നടപടികള്‍. ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ തെരഞ്ഞുപിടിച്ച് പൊളിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ വീടുകളോ മറ്റ് കെട്ടിടങ്ങളോ ഒരാഴ്ചത്തേക്ക് പൊളിച്ചുമാറ്റുന്നതില്‍ നിന്നും മുനിസിപ്പല്‍ ബോഡിയെ ദല്‍ഹി ഹൈക്കോടതിയെ വിലക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശിക്ഷകളുടെ ഭാഗമെന്ന പേരില്‍ കെട്ടിടങ്ങളോ മറ്റ് സ്വത്ത് വകകളോ പൊളിച്ചുമാറ്റാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഇന്ത്യന്‍ നിയമത്തിലില്ല. എന്നിരുന്നാലും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ രീതി സാധാരണമാണ്.

2024 നവംബറില്‍, കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായ വ്യക്തികളുടെ സ്വത്തുക്കള്‍ ശിക്ഷാ നടപടിയായി പൊളിച്ചുമാറ്റുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

 

Content Highlight: Parts of 70 shops were demolished in Delhi following the killing of a Hindu youth in clashes during Holi celebrations.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.