വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത നിലപാടിനെ ഇന്ത്യ ഗൗരവമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ അംബാസിഡര്‍ നിക്കി ഹേലി.
വിഷയത്തില്‍ വേഗത്തില്‍ പരിഹാരം കാണാന്‍ വാഷിങ്ടണുമായി സഹകരിക്കണമെന്നും നിക്കി ഹേലി ആവശ്യപ്പെട്ടു.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഹേലി, ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങളെക്കുറിച്ചും എക്‌സില്‍ പോസ്റ്റ് ചെയ്തു. ട്രംപിന്റെ കടുത്ത വിമര്‍ശകയാണ് നിക്കി ഹേലി.
‘റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ട്രംപിന്റെ നിലപാട് ഇന്ത്യ ഗൗരവകരമായി കാണണം. പരിഹാരം കണ്ടെത്തുന്നതിന് വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലവിലെ വെല്ലുവിളികളെ മറികടക്കാന്‍ ശക്തമായ അടിത്തറ നല്‍കുന്നു,’ അവര്‍ പറഞ്ഞു.
വ്യാപാര വിയോജിപ്പുകള്‍, റഷ്യന്‍ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും നിരന്തരമായ സംഭാഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മള്‍ കാണാതെ പോകരുത്, ചൈനയെ നേരിടാന്‍ അമേരിക്കക്ക് ഇന്ത്യയുടെ സൗഹൃദം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എസും ഇന്ത്യയും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കുക എന്നതായിരിക്കണം വാഷിങ്ടണ്‍ മുന്‍ഗണന നല്‍കേണ്ടതെന്നും റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒരാളായിരുന്നിട്ടും, രക്ഷപെട്ട ചൈനയെപ്പേലെയല്ല സ്വതന്ത്രവും ജനാധിപത്യപരവുമായ പങ്കാളിയെപ്പോലെയാണ് ഇന്ത്യയെ പരിഗണിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയെ ചൈനയെപ്പോലെ ഒരു ശത്രുവായി കാണരുതെന്നും താരിഫുകളുടെ വിഷയമോ, ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിലെ യുഎസ് പങ്കോ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാനുള്ള കാരണമാകരുതെന്നും ട്രംപ് ഭരണകൂടം അതിന് അനുവദിക്കരുതെന്നും ബുധനാഴ്ച ന്യൂസ് വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഹേലി പറഞ്ഞിരുന്നു.
യു.എസ് താരിഫ് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവര്‍ത്തിച്ചിരുന്നു.
കര്‍ഷകരുടെയും ചെറുകിട ഉല്‍പാദകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ആദ്യം 25 ശതമാനം തീരുവ ചുമത്തുകയും പിന്നീട് ഇരട്ട താരിഫ് എന്ന രീതിയില്‍ 25 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നവരില്‍ ഏറ്റവും മുന്‍നിരയിലുള്ള രണ്ട് രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിന് പിന്നാലെ താരിഫ് വിഷയത്തില്‍ ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികള്‍ക്കുമെതിരെ ചുമത്തിയ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Content Highlight: Partnership with India is essential to confront China; Nikki Haley warns Trump