തിരുവന്തപുരം: മധ്യപ്രദേശില്‍ വൈദികനെ ജയിലിലടച്ച സംഭവത്തില്‍ പ്രതികരണവുമായി പങ്കാളി സുനിത. ശാരീരികമായും മാനസികമായും ഫാ. ഗോഡ്‌വിനെ മധ്യപ്രദേശ് പൊലീസ് തളര്‍ത്തിയെന്ന് സുനിത പറഞ്ഞു. മതപരിവര്‍ത്തനം ആരോപിച്ച് 25ന് മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്യുകയും പിന്നീട് ജയിലിലടക്കുകയും ചെയ്ത ഗോഡ്വിന് വ്യാഴാഴ്ചയാണ് റത്‌ലം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
ഗോഡ്‌വിനെ ഫോണില്‍ ബന്ധപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു സുനിത. മിഷണറി പ്രവര്‍ത്തനങ്ങളുമായി 25 വര്‍ഷത്തിലേറെയായി ഗോഡ്‌വിന്‍ ജാബുവയില്‍ പ്രവര്‍ത്തിക്കുന്നു. സുനിതയും മക്കളും ഒപ്പമുണ്ടായിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് സുനിത കുടുംബ വീടായ നന്ദിയോട് പേരയത്ത് എത്തി. ഇതിനുശേഷം ഗ്രാമവാസികളാണ് ഫാദര്‍ അറസ്റ്റിലായ വിവരം അറിയിച്ചത്.
‘മിഷണറി ജോലിക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഗ്രാമവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ആരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഗ്രാമവാസികളാരും പരാതിയും നല്‍കിയിട്ടില്ല. ബോധപൂര്‍വം അദ്ദേഹത്തെ ജയിലിലടയ്ക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച രത്‌നം സ്വദേശി വിക്രം സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഡയറി ഇപ്പോഴും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അദ്ദേഹം ജയിലിലാണ്. ഗ്രാമവാസികളാകെ പ്രതിഷേധത്തിലാണ്. ജാമ്യം ലഭിച്ചതില്‍ സന്തോഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ജാമ്യം ലഭിക്കുന്നതിനുവേണ്ടി ഇടപെട്ടതില്‍ സന്തോഷമുണ്ട്,’ സുനിത പറഞ്ഞു.
ജാമ്യം ലഭിച്ച ഗോഡ്വിന്‍ മധ്യപ്രദേശില്‍നിന്ന് നാട്ടിലേക്ക് മടങ്ങി. മലയിന്‍ കീഴ് അന്തിയൂര്‍ക്കോണം സ്വദേശിയാണ്. വെള്ളി ഉച്ചയോടെ തിരുവനന്തപുരത്തെത്തി എല്‍.എം.എസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ക്രൈസ്തവര്‍ക്കെതിരെ വേട്ടയാടല്‍ തുടരുകയാണ്. അടുത്തിടെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാന്‍സിസിനെയും മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു.