ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രേയസ് അയ്യരും സൂപ്പര്‍ താരം വിരാട് കോഹ്ലിയുമാണ്. 71 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്. 66 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് വിരാട് തിളങ്ങിയത്.
ഇപ്പോള്‍ ശ്രേയസ് അയ്യരുടെ ഈ മികച്ച ഇന്നിങ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാർത്ഥിവ് പട്ടേല്‍. ശ്രേയസ് അയ്യരുടെ പ്രകടനത്തിന് പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ലെന്നാണ് പാർത്ഥിവ് പട്ടേല്‍ പറഞ്ഞത്. ടി-20 പരമ്പരയിലും അയ്യര്‍ മികച്ച പ്രകടനമാണ് നടത്തിയെതെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. ജിയോ ഹോട്സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു പാർത്ഥിവ്.
‘ഏകദിനത്തിലെ ശ്രേയസ് അയ്യരുടെ പ്രകടനത്തിന് പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. രോഹിത് ശര്‍മയേയും വിരാട് കോഹ്‌ലിയെയും കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴും 2023 ഏകദിന ലോകകപ്പിന് ശേഷം ശ്രേയസ് തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുകയാണ്. ഇന്ത്യ പ്രതിസന്ധിയില്‍ ആവുമ്പോഴെല്ലാം അദ്ദേഹം നിര്‍ണായകമായ ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്.
ഈ പരമ്പരയില്‍ ടി-20 മത്സരങ്ങളിലും ശ്രേയസ് മികച്ച ബാറ്റിങ് പ്രകടനം നടത്തി. ഏകദിനത്തില്‍ കഴിഞ്ഞ മത്സരത്തിലും അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോഴും അദ്ദേഹം ശാന്തത കൈവിടാതെ ടീമിനെ മുന്നോട്ട് നയിക്കുന്ന മികച്ച ഇന്നിങ്സ് കളിച്ചു,’ പാർത്ഥിവ് പട്ടേല്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയില്‍ ക്യാപ്റ്റന്‍സിയില്‍ നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ നടത്തിയെങ്കിലും ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടക്കം 218 റണ്‍സാണ് ഇന്ത്യന്‍ നേടിയത്.
വിദേശ മണ്ണില്‍ നടക്കുന്ന ഒരു ടി-20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനും ശ്രേയസാണ്. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് അയ്യര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2024ല്‍ നടന്ന സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയില്‍ 170 റണ്‍സായിരുന്നു നേടിയിരുന്നത്. ഈ റെക്കോഡാണ് അയ്യര്‍ മറികടന്നത്.
അതേസമയം രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. ജൂലൈ 19നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: Parthiv Patel praise Shreyas Iyer performance in odi