തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് പാര്‍ത്ഥിബന്‍. നാടകത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന് ഒരുകാലത്ത് ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനിന്ന പാര്‍ത്ഥിബന്‍ അഭിനയത്തിന് പുറമെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ച പാര്‍ത്ഥിബന്‍ തമിഴിന് പുറത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
പവന്‍ കല്യാണ്‍ നായകനാകുന്ന ഉസ്താദ് ഭഗത് സിങ്ങാണ് പാര്‍ത്ഥിബന്റെ ഏറ്റവും പുതിയ ചിത്രം. വില്ലനായാണ് പാര്‍ത്ഥിബന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റില്‍ പാര്‍ത്ഥിബന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ തമിഴ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചാവിഷയം.
പ്രസംഗത്തിനിടെ പാര്‍ത്ഥിബന്‍ തന്റെ ജാതിയെക്കുറിച്ച് സംസാരിച്ചിരുന്നു. പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ശേഷമായിരുന്നു പാര്‍ത്ഥിബന്‍ തന്റെ ജാതിയെക്കുറിച്ച് സംസാരിച്ചത്. താന്‍ തെലുങ്ക് നാട്ടിലാണ് ജനിച്ചതെന്നും എന്നാല്‍ വളര്‍ന്നത് മുഴുവന്‍ തമിഴ്‌നാട്ടിലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എന്റെ പേര് രാധാകൃഷ്ണന്‍ പാര്‍ത്ഥിബന്‍. തമിഴ് നടനാണെങ്കിലും ഞാന്‍ ജനിച്ചത് തെലുങ്ക് നാട്ടിലാണ്. സത്യം പറഞ്ഞാല്‍ ഞാനൊരു നായിഡുവാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്‌നാട്ടിലായതിനാല്‍ എനിക്ക് തെലുങ്ക് അത്ര ഫ്‌ളുവന്റല്ല. തമിഴിലാണ് ഞാന്‍ കൂടുതല്‍ സിനിമകളും ചെയ്തിട്ടുള്ളത്. ഇനി അടുത്ത തെലുങ്ക് സിനിമയുടെ പ്രൊമോഷന് തീര്‍ച്ചയായും തെലുങ്കില്‍ തന്നെ സംസാരിക്കും,’ പാര്‍ത്ഥിബന്‍ പറഞ്ഞു.
തമിഴ് സിനിമയില്‍ പലരെയും മുഖം നോക്കാതെ വിമര്‍ശിക്കുകയും തന്റേതായ നിലപാട് പലപ്പോഴായി വ്യക്തമാക്കുകയും ചെയ്ത നടനായിരുന്നു പാര്‍ത്ഥിബന്‍. പുരോഗമനപരമായ പല പ്രസ്താവനകളും താരം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പൊതുവേദിയില്‍ പരസ്യമായി തന്റെ ജാതിപ്പേര് പറഞ്ഞ് അതില്‍ പെരുമ കൊള്ളുന്ന പാര്‍ത്ഥിബനെ വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ.
അതിര്‍ത്തി മാറിയപ്പോള്‍ പുരോഗമന കുപ്പായം അഴിച്ചുവെച്ച് ജാതിവാദിയായി മാറിയോ എന്നാണ് പലരും ചോദിക്കുന്നത്. കാലമിത്ര മാറിയിട്ടും ഉയര്‍ന്ന ജാതിയാണെന്ന് അഭിമാനത്തോടെ പറഞ്ഞത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും പോസ്റ്റുകളുണ്ട്. ഇത്രയും കാലം വലിയ ബുദ്ധിജീവി ചമഞ്ഞ് നടന്ന ആള് തന്നെയാണോ ഇതെന്നും പലരും ചോദിക്കുന്നു.
എന്നാല്‍ പാര്‍ത്ഥിബന്‍ നടത്തിയത് സര്‍ക്കാസമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ജാതി നോക്കി മാത്രം സൂപ്പര്‍താരങ്ങളെ ആരാധിക്കുന്ന ഇന്‍ഡസ്ട്രിയാണ് തെലുങ്കിലേത്. സ്വന്തം ജാതിയിലുള്ള നടന്മാരെ മാത്രം ആരാധിക്കുന്ന തെലുങ്ക് ഫാന്‍സിനെ സര്‍ക്കാസം രൂപത്തില്‍ പാര്‍ത്ഥിബന്‍ പരിഹസിച്ചതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Parthiban getting criticisms for Caste statement during movie promotion