കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചതില്‍ ഉന്നത രാഷ്ട്രീയ സ്വാധീനവും ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എം.പി.ഐ. പരോളിലെ ചട്ടവിരുദ്ധ നടപടികള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
പരോള്‍ അടക്കം പ്രതികളുടെ കാര്യത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെലുകളുണ്ടായിട്ടുണ്ട്. ഇവരുടെ ശിക്ഷാ കാലവധി കുറയ്ക്കാനുള്ള ഇടപെടലുകളും ഉണ്ടായിട്ടുള്ളതായി ആരോപണമുണ്ട്.
ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായ പരോളും അടിയന്തര അവധികളും നല്‍കിയത് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയാണുള്ളതെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ ചോദിച്ചിരുന്നു.
മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ട കുടുംബത്തിലെ ഏക മുതിര്‍ന്ന പുരുഷ അംഗം ജ്യോതി ബാബുവാണെന്നും അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നും സ്മിത ഹരജിയില്‍ വാദമുന്നയിച്ചിരുന്നു.
എന്നാല്‍, അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമാണ് അടിയന്തര അവധിയോ പരോളോ അനുവദിക്കുന്നതെന്നും, എന്നാല്‍ ഇപ്പോള്‍ മരിച്ചത് പ്രതിയുടെ നേരിട്ടുള്ള ബന്ധുവല്ലെന്നും കോടതി നിരീക്ഷിച്ചു.