ലോകം കീഴടക്കി പി.എസ്.ജി, യമാലിനും നേട്ടം; ലോറസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Football
ലോകം കീഴടക്കി പി.എസ്.ജി, യമാലിനും നേട്ടം; ലോറസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Sudev A
Tuesday, 21st April 2026, 9:28 am

2026 ലോറസ് വേള്‍ഡ് ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍. 2025 സീസണില്‍ നടത്തിയ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് പി.എസ്.ജിയെ തേടി ഈ നേട്ടമെത്തിയത്. ലൂയിസ് എന്റിക്വയുടെ കീഴില്‍ ആറ് കിരീടങ്ങളാണ് ഫ്രഞ്ച് വമ്പന്മാര്‍ സ്വന്തമാക്കിയത്.

തങ്ങളുടെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പി.എസ്.ജി സ്വന്തമാക്കിയതും കഴിഞ്ഞ സീസണിലായിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ കീഴടക്കിയാണ് പാരീസിന്റെ കിരീട നേട്ടം. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ വിജയം. ഇതിന് പുറമെ യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, ലീഗ് വണ്‍ കിരീടം, കൂപ്പെ ഡി ഫ്രാന്‍സ്, ട്രോഫി ഡെസ് ചാമ്പ്യന്‍സ് തുടങ്ങിയ ഒട്ടനവധി ട്രോഫികളും പാരീസ് കൈപ്പിടിയിലാക്കി.

ഈ സീസണിലും പി.എസ്.ജി സ്വപ്നതുല്യമായ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണയും കിരീടത്തിന്റെ അരികിലെത്തി നില്‍ക്കുകയാണ് പാരീസ്. നിലവില്‍ ടീം സെമി ഫൈനല്‍ പോരാട്ടങ്ങളാക്കായുള്ള തയ്യാറെടുപ്പിലാണ്. റയല്‍ മാഡ്രിഡിനെ വീഴ്ത്തിയെത്തുന്ന ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് പി.എസ്.ജിയുടെ എതിരാളികള്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനെ വീഴ്ത്തിയാണ് പിഎസ്ജി സെമിയിലെത്തിയത്. ഇരു പാദങ്ങളിലും രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാര്‍ ലിവര്‍പൂളിനെ കീഴടക്കിയത്. ഏപ്രില്‍ 29നാണ് ആദ്യ പാദ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. രണ്ടാം പാദ മത്സരം മെയ് ഏഴിനും നടക്കും. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം ഇത്തവണയും പി.എസ്.ജി നിലനിര്‍ത്തുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ലീഗ് വണ്ണിലും ലൂയിസ് എന്റിക്വയും സംഘവും തന്നെയാണ് ഒന്നാമതുള്ളത്. 28 മത്സരങ്ങളില്‍ നിന്നും 20 വിജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമായി 63 പോയിന്റോടെയാണ് പി.എസ്.ജി കുതിക്കുന്നത്.

ടെന്നീസ് താരങ്ങളായ അലിന സബലെങ്ക മികച്ച വനിതാ കായിക താരമായും കാര്‍ലോസ് അല്‍ക്കാരസ് മികച്ച പുരുഷ താരമായും തെരഞ്ഞെടുക്കപ്പെട്ടു. സബലെങ്ക കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി രണ്ടാമത്തെ യു.എസ് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. അല്‍ക്കാരസ് ഫ്രഞ്ച്, ഓസ്ട്രേലിയന്‍, യു.എസ് ഓപ്പണുകളും വിജയിച്ചു. മികച്ച യുവ കായിക താരത്തിനുള്ള അവാര്‍ഡ് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍ സ്വന്തമാക്കി.

ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസ് വേള്‍ഡ് സ്‌പോര്‍ട്ടിങ് ഇന്‍സ്പിരേഷന്‍ അവാര്‍ഡും ജിംനാസ്റ്റ് നാദിയ കോമനേച്ചി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും കരസ്ഥമാക്കി. വേള്‍ഡ് ആക്ഷന്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ അവാര്‍ഡ് അമേരിക്കന്‍ സ്‌നോബോര്‍ഡര്‍ ക്ലോ കിമ്മിനും വേള്‍ഡ് സ്പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ വിത്ത് എ ഡിസബിലിറ്റി അവാര്‍ഡ് ബ്രസീലിയന്‍ താരം ഗബ്രിയേല്‍ അരാജോക്കും ലഭിച്ചു.

അതേസമയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും ലോറസ് വേള്‍ഡ് ടീം ഓഫ് ദി ഇയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ആദ്യ ഐ.സി.സി ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലോറസ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇംഗ്ലണ്ട് വിമണ്‍സ് ഫുട്‌ബോള്‍ ടീം, യൂറോപ്യന്‍ റൈഡര്‍ കപ്പ് ടീം, മക്ലാരന്‍ ഫോര്‍മുല വണ്‍ ടീം, ഒക്ലഹോമ സിറ്റി തണ്ടര്‍ തുടങ്ങിയ ടീമുകളും ലോറന്‍സ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

Content Highlight: Paris Saint Germain win 2026 Laureus World Team of the Year award

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.