ലവ് ജിഹാദ് കേസുകളിൽ പ്രതികളായ പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യും: ഹിമന്ത ബിശ്വ ശർമ
India
ലവ് ജിഹാദ് കേസുകളിൽ പ്രതികളായ പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യും: ഹിമന്ത ബിശ്വ ശർമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 6:33 pm

ദിസ്‌പൂർ: ലവ് ജിഹാദ് കേസുകളിൽ പ്രതികളായ പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥ പുതിയ നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

ഈ ആഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിന് ശേഷം, ബഹുഭാര്യത്വത്തിന് എതിരായ നടപടികൾ, ലവ്-ജിഹാദ് സംബന്ധിച്ച നിയമം എന്നിവയുൾപ്പെടെയുള്ള ബില്ലുകൾ അടുത്ത അസം നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ശർമ പറഞ്ഞിരുന്നു.

‘ബഹുഭാര്യത്വത്തിന്റെയും ലവ് ജിഹാദിന്റെയും കെണികളിൽ നിന്നും സ്ത്രീകളെ രക്ഷിക്കണം. അതിനായി കർശനമായ നിയമങ്ങൾ കൊണ്ടുവരും. പുതിയ നിയമപ്രകാരം ലവ് ജിഹാദിൽ പ്രതികളായ പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യാൻ കഴിയും,’ ഹിമന്ത പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കാച്ചാർ ജില്ലയിലെ ലഖിപൂരിൽ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ചെക്ക് വിതരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഹിമന്തയുടെ പരാമർശം. അതേസമയം മൂന്നിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ത്രീകൾക്ക് ഇത്തരം സർക്കാർ പദ്ധതികളിൽ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അല്ലാഹു കുട്ടികളുടെ നൽകുന്നതിനാലാണ് പ്രസവം നിർത്താൻ കഴിയാത്തതെന്നാണ് ചിലർ പറയുന്നത്. എനിക്കവരോട് പറയാനുള്ളത് നിങ്ങൾ ഇഷ്ടമുള്ളത്ര പ്രസവിക്കൂ എന്നാൽ അവരെ വളർത്താനും സർക്കാർ സ്കൂളുകളിൽ അയക്കാനും സര്ക്കാരിന്റെ സഹായം പ്രതീക്ഷിക്കരുത്,’ ഹിമന്ത പറഞ്ഞു.

ബഹുഭാര്യത്വ വിരുദ്ധ നിയമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പല പുരുഷനും ഒന്നിലധികം തവണ വിവാഹം കഴിക്കുന്നതിലൂടെയാണ് ഏറ്റവും കൂടുതൽ ദോഷം വരുന്നതെന്നും പുതിയ നിയമപ്രകാരം ഇതിന് ഏഴ് വർഷം വരെ തടവ് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ തദ്ദേശീയ ജനതയുടെ കഷ്ടപ്പാടുകൾ പുറത്തുള്ളവർക്ക് മനസിലാകില്ലെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ചും അസം സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെക്കുറിച്ചും പ്രതികരിച്ചു.

ഈ വർഷം ലവ് ജിഹാദ്, ബഹുഭാര്യത്വം, സംസ്ഥാനത്തെ വൈഷ്ണവ സത്രങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ചരിത്രപരമായ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും ഈ നിർദേശങ്ങൾ സഭയിൽ ചർച്ച ചെയ്യുമെന്നും ഹിമന്ത നേരത്തെ പറഞ്ഞിരുന്നു.

ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥ കുറയുന്നതിനാൽ സംസ്ഥാനത്തിൻ്റെ ഭാവി സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സർക്കാർ ജീവനക്കാർക്കിടയിൽ ബഹുഭാര്യത്വത്തിന് അസം ഇതിനകം തന്നെ ഭരണപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോൾ ഔദ്യോഗിക അനുമതിയില്ലാതെ രണ്ടാമതും വിവാഹം കഴിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം ഹിമന്ത മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: Parents of men accused in love jihad cases will also be arrested: Himanta Biswa Sarma