വെറും നാല്, അഞ്ച് മരണമല്ലേ? രക്ഷിതാക്കളുടെ അശ്രദ്ധയാണ് കഫ് സിറപ്പ് മരണങ്ങള്‍ക്ക് പിന്നിലെന്ന് രാജസ്ഥാന്‍ മന്ത്രി; വിമര്‍ശനം
India
വെറും നാല്, അഞ്ച് മരണമല്ലേ? രക്ഷിതാക്കളുടെ അശ്രദ്ധയാണ് കഫ് സിറപ്പ് മരണങ്ങള്‍ക്ക് പിന്നിലെന്ന് രാജസ്ഥാന്‍ മന്ത്രി; വിമര്‍ശനം
അനിത സി
Tuesday, 3rd February 2026, 10:59 pm

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരണപ്പെട്ട സംഭവത്തെ നിസാരവത്കരിച്ചും രക്ഷിതാക്കളെ പഴിച്ചും രാജസ്ഥാന്‍ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍.

ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് അധികം പേര്‍ മരിച്ചിട്ടില്ലെന്നും വെറും രണ്ടോ നാലോ അഞ്ചോ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസാര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ മരണത്തെ നിസാരവത്കരിച്ച് ബി.ജെ.പി സര്‍ക്കാരിന്റെ പ്രതികരണം.

ഡോക്ടറുടെ കുറിപ്പടിയില്‍ മരുന്നുകള്‍ നല്‍കുകയും മരണം സംഭവിക്കുകയും ചെയ്താല്‍ ഉത്തരവാദിത്തം സര്‍ക്കാരിനും ഡോക്ടര്‍ക്കുമാണ്. എന്നാല്‍ പുറത്തുനിന്നും ആരെങ്കിലും മരുന്ന് വാങ്ങി കൊടുക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ സര്‍ക്കാരിനും ഡോക്ടര്‍ക്കും ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ക്ക് ഡോക്ടര്‍ നിര്‍ദേശിച്ച അളവിലുള്ള മരുന്ന് കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയത് മരണങ്ങള്‍ക്ക് കാരണമായി.

മുതിര്‍ന്നവര്‍ക്കുള്ള കഫ് സിറപ്പില്‍ രാസവസ്തുവായ കോഡൈന്‍ അടങ്ങിയിട്ടുണ്ടായിരുന്നു. ഡോക്ടറുടെ കൃത്യമായ നിര്‍ദേശമില്ലാതെ അമിത അളവില്‍ മരുന്ന് നല്‍കിയതോടെ സംഭവിച്ച കോര്‍മോബിഡിറ്റാണ് കുട്ടികളുടെ ജീവനെടുത്തതെന്ന് മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ ഹരി മോഹന്‍ ശര്‍മയുടെയും പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലിയുടെയും ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഈ കഫ് സിറപ്പ് കാരണം ഒരു മരണം പോലും സംഭവിച്ചിട്ടില്ല. എന്നാല്‍ അമിതമായ അളവില്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ രോഗാവസ്ഥയാണ് മരണങ്ങള്‍ക്ക് കാരണമായതെന്നും ഖിംസാര്‍ അവകാശപ്പെട്ടു. മുമ്പത്തെ കോണ്‍ഗ്രസ് ഭരണകാലത്തും ഈ മരുന്ന് നിലവിലുണ്ടായിരുന്നെന്നും അന്ന് മരുന്ന് നിര്‍ത്തലാക്കിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുട്ടികള്‍ മരണപ്പെട്ടസംഭവത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ആശങ്കയില്ലെന്ന് പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി കുറ്റപ്പെടുത്തി. മന്ത്രി പറയുന്നു മൂന്ന് നാല് മരണങ്ങള്‍ യാദൃശ്ചികമായി ഉണ്ടായെന്ന്, ഒരു മരണം പോലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഓരോ മരണത്തിനും സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഫ് സിറപ്പുകള്‍ മരണങ്ങള്‍ക്ക് കാരണമായതോടെ ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ അടങ്ങിയ സിറപ്പുകള്‍ രാജസ്ഥാനില്‍ 2025 ഒക്ടോബറില്‍ നിരോധിച്ചിരുന്നു. വിവാദ കഫ് സിറപ്പ് നിര്‍മാതാക്കളായ കെയ്‌സണ്‍സ് ഫാര്‍മയുടെ 19 തരം മരുന്നുകളാണ് രാജസ്ഥാന്‍ നിരോധിച്ചത്.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ പദ്ധതി കീഴില്‍ സൗജന്യമായി വിതരണം ചെയ്ത കഫ് സിറപ്പായ സിപ്ര കഴിച്ച് 2025 ഒക്ടോബറില്‍ ഭരത്പൂര്‍ സ്വദേശിയായ രണ്ടുവയസുകാരന്‍ മരണപ്പെട്ടതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതേ സിറപ്പ് കഴിച്ച് മൂന്നാമത്തെ മരണമായിരുന്നു ഭരത്പൂരിലേതെന്ന് കണ്ടെത്തിയിരുന്നു.

അതിന് മുമ്പ് ബയാനയില്‍ നിന്നുള്ള രണ്ട് വയസുകാരനും സിക്കറിലെ അഞ്ച് വയസുകാരനും മരണപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയില്‍ നിന്നും സൗജന്യമായി ലഭിച്ച മരുന്നാണ് കുഞ്ഞുങ്ങളുടെ ജീവനപഹരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ വിവാദമായ സിറപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മരുന്ന് കമ്പനിയെ രക്ഷിക്കാമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സമിതി നടത്തിയത്.

മുഖ്യന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ ജില്ലയായ ഭരത്പൂരില്‍ തന്നെ  രണ്ട് മരണങ്ങള്‍ സംഭവിച്ചതോടെ ജനരോഷം ശക്തമാവുകയും ചെയ്തിരുന്നു.

Content Highlight: Aren’t there just two,four, five deaths? Parents’ negligence behind cough syrup deaths, says Rajasthan health minister

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍