ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കുട്ടികളുടെ ടി.സി വാങ്ങി രക്ഷിതാക്കള്‍. ലിംഗായത്ത് വിഭാഗക്കാരായ രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും മാറ്റിയത്. ആലക്കെരെയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ശിവന്റെ ആരാധകരാണ് ലിംഗായത്ത് വിഭാഗക്കാര്‍.
കര്‍ണാടകയില്‍ പുതുക്കിയ ഉച്ചഭക്ഷണ മെനുവുന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേവിച്ച മുട്ട, വാഴപ്പഴം, കടലമിട്ടായി എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്. ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ആലക്കെരെയിലെ ഈ സ്‌കൂളില്‍ 124 വിദ്യാര്‍ത്ഥികളുണ്ടെന്ന് മാണ്ഡ്യ എം.എല്‍.എ രവികുമാര്‍ ഗൗഡ പറഞ്ഞു.
സ്‌കൂളില്‍ നാല്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ ലിംഗായത്ത് സമൂഹത്തില്‍ നിന്നുള്ളവരാണ്. ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പുഴുങ്ങിയ മുട്ടയെ എതിര്‍ക്കുന്നത്. ബാക്കിയുള്ള അറുപത് ശതമാനം വിദ്യാര്‍ത്ഥികളും വോക്കലിംഗ, പട്ടികജാതി സമുദായങ്ങളില്‍ നിന്നുള്ളവരാണെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മുട്ട കഴിക്കാന്‍ ഇഷ്ടമാണെന്നും എം.എല്‍.എ പറഞ്ഞു.
ശിവക്ഷേത്രത്തിന് സമീപത്തുള്ള സ്‌കൂളില്‍ മുട്ട പുഴുങ്ങുന്നതിനെതിരെ ലിംഗായത്ത് വിഭാഗക്കാരായ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് 84 ഓളം വിദ്യാര്‍ത്ഥികളെ ആലക്കെരെയിലെ സ്‌കൂളില്‍ നിന്ന് മാറ്റി സമീപത്തിലെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുകയായായിരുന്നു.
മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കാനും കുട്ടികളുടെ ടി.സി വാങ്ങുന്നത് തടയാന്‍ ശ്രമിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മുട്ട പുഴുങ്ങുന്ന സ്‌കൂളില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
‘മാതാപിതാക്കളുടെ മനോഭാവം മാറ്റാന്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കുട്ടികള്‍ക്ക് വാഴപ്പഴവും മുട്ടയും കടലമിട്ടായിയും നല്‍കേണ്ടത് നിയമമാണ്. നിയമത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Parents in Karnataka protest against inclusion of boiled eggs in school lunches, take away children’s TCs