വൃദ്ധരായ മാതാപിതാക്കൾ ബങ്കറിൽ; സംഘർഷങ്ങൾക്ക് പിന്നാലെ അതിർത്തി ഗ്രാമത്തിലേക്ക് മടങ്ങാനാവാതെ കശ്മീരി വിദ്യാർത്ഥി
national news
വൃദ്ധരായ മാതാപിതാക്കൾ ബങ്കറിൽ; സംഘർഷങ്ങൾക്ക് പിന്നാലെ അതിർത്തി ഗ്രാമത്തിലേക്ക് മടങ്ങാനാവാതെ കശ്മീരി വിദ്യാർത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 2:52 pm

ശ്രീനഗർ: മാതാപിതാക്കളെ കാണാനെത്തിയ കൊൽക്കത്തയിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥി അഞ്ച് ദിവസമായി ശ്രീനഗറിൽ കുടുങ്ങിക്കിടക്കുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കാരണം വിദ്യാർത്ഥിയുടെ ഗ്രാമമായ തങ്ധറിലേക്കുള്ള വാഹന സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. കൊൽക്കത്തയിൽ പി.എച്ച്.ഡി ചെയ്യുന്ന ഖാൻ സാഹിദിനാണ് ഈ ദുരനുഭവം.

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഖാൻ സാഹിദിന്റെ വൃദ്ധ മാതാപിതാക്കൾ കുപ്വാര ജില്ലയിലെ തങ്ധറിലെ അവരുടെ വീടിന്റെ പിൻഭാഗത്ത് നിർമിച്ച ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് സാഹിദ് പറയുന്നു.

‘ദൈനംദിന ജോലികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ അവർ ബങ്കറിലേക്ക് പ്രവേശിക്കും. ബങ്കറുകൾ ഇല്ലാത്ത മറ്റുള്ളവരും അവരോടൊപ്പം ഉണ്ടാകും. അതിർത്തിയോടുള്ള ഗ്രാമമായതിനാൽ അവരുടെ അവസ്ഥ കഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

കുടുംബത്തെ കാണാൻ ശ്രീനഗർ എത്തിയ സാഹിദ് മെയ് ആറ് മുതൽ ശ്രീനഗറിൽ കുടുങ്ങിക്കിടക്കുകയാണ്. ശ്രീനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമത്തിലെത്താൻ ഒരു ദിവസമെടുക്കുമെന്നും സാഹിദ് പറയുന്നു.

ശനിയാഴ്ച വൈകുന്നേരം സംഘർഷം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും തന്റെ മാതാപിതാക്കളും മറ്റ് ഗ്രാമീണരും രാത്രി ബങ്കറിൽ തന്നെ ചെലവഴിക്കുകയായിരുന്നുവെന്നും സാഹിദ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ എട്ട് മാസമായി കൊൽക്കത്തയിലെ ഒരു സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് ചെയ്യുകയാണ് സാഹിദ്. തന്റെ സഹോദരന്മാർ ദൂരെയായതിനാൽ ഈ അപകടകരമായ സമയത്ത് മാതാപിതാക്കളോടൊപ്പം കഴിയാൻ തീരുമാനിച്ച് അദ്ദേഹം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. സഹോദരന്മാരിൽ ഒരാൾ ദുബായിൽ ജോലി ചെയ്യുന്നു. മറ്റൊരാൾ ടെറിട്ടോറിയൽ ആർമിയിലാണ്.

കശ്മീർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സാഹിദ് ഇപ്പോൾ ശ്രീനഗറിലെ വാടക വീട്ടിലാണ് താമസം. ‘മാതാപിതാക്കൾ വളരെ ഭയന്നിരിക്കുകയാണ്. തിരിച്ച് ഗ്രാമത്തിലേക്ക് വരണ്ടെന്നാണ് അവർ പറയുന്നത്. അവർ നേരിടുന്ന അപകടത്തിൻ്റെ വ്യാപ്തി കാണിക്കാൻ വാട്സ്ആപ്പിലൂടെ ചിത്രങ്ങൾ പങ്കിടുന്നുണ്ട്. താരതമ്യേന സുരക്ഷിതമായ സ്ഥലത്തേക്ക് തിരിച്ചു പോകാൻ അവർ എന്നെ പ്രേരിപ്പിക്കുകയാണ്. വാഹന ഗതാഗതം ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു,’ സാഹിദ് പറയുന്നു.

ശ്രീനഗർ വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ മാതാപിതാക്കൾ പറയുന്നത് പോലെ കൊൽക്കത്തയിലേക്ക് മടങ്ങുക എന്നതും എളുപ്പമല്ല. ഈ അപകടത്തിൽ അവരെ ഒറ്റക്കാക്കി കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലെന്ന് സാഹിദ് പറഞ്ഞു.

 

Content Highlight: Parents in bunker, student stuck: The cost of conflict on Kashmir’s border villages