മകളോട് സ്നേഹമുണ്ടായിട്ടും അത് പ്രകടിപ്പിക്കാത്ത അച്ഛന്. മകളുടെ സുഹൃത്താകുന്നതിനുപകരം അകലം പാലിക്കുകയും കര്ശനമായ അച്ചടക്കം വേണമെന്ന് വിശ്വസിക്കുകയും ചെയ്യുന്നയാള്. എന്നാല്, മകള് വലിയൊരു പ്രതിസന്ധിയില് അകപ്പെടുമ്പോള് ഇതുവരെ പുലര്ത്തിയിരുന്ന നിലപാടുകളും മുഖംമൂടികളും അഴിഞ്ഞുവീഴുന്നു. റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ‘നോട്ട്ബുക്ക്’ എന്ന സിനിമയിലെ ബ്രിഗേഡിയര് അലക്സാണ്ടര് എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് സഞ്ജയ്.
മാതാപിതാക്കള്ക്ക് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് വ്യത്യസ്ത രീതികളുണ്ടെന്നും ബ്രിഗേഡിയര് അലക്സാണ്ടറിലൂടെ അവതരിപ്പിക്കാന് ശ്രമിച്ചത് അത്തരമൊരു അച്ഛനെയാണെന്നും സഞ്ജയ് പറയുന്നു. മകളെ സ്നേഹിക്കുന്നുണ്ടെങ്കിലും ആ സ്നേഹം പ്രകടിപ്പിക്കരുതെന്നും അച്ഛന് എന്ന നിലയില് കുറച്ചൊക്കെ അകലം പാലിക്കുകയും കര്ശനക്കാരനാകുകയും വേണമെന്നുമുള്ള മുന്ധാരണയിലാണ് അയാള് ജീവിക്കുന്നത്.

‘പല തരത്തിലുള്ള സ്നേഹങ്ങളുണ്ട് മാതാപിതാക്കള്ക്ക്. എനിക്ക് ഉള്ളില് സ്നേഹമുണ്ട്, അത് പുറത്തുകാണിച്ചാല് ഞാനെന്ന പിതാവ് അല്ലെങ്കില് മാതാവ് എങ്ങനെയായിരിക്കും? അച്ഛനും അമ്മയും ഇങ്ങനെയായിരിക്കണം, കുറച്ചൊരു അകലം പാലിക്കണം, അല്പം സ്ട്രിക്ട് ആയിരിക്കണം എന്നൊക്കെയുള്ള ചിന്തകളുണ്ട്. പ്രത്യേകിച്ച് നോട്ട്ബുക്ക് ചെയ്യുന്ന സമയത്ത് അത് കുറച്ചുകൂടി കൂടുതലായിരുന്നു. ഇപ്പോള് കുറച്ചുകൂടി സൗഹൃദത്തിലേക്ക് വന്നിട്ടുണ്ടല്ലോ.
അങ്ങനെയൊരു കഥാപാത്രമായിരുന്നു സുരേഷേട്ടന് ചെയ്ത ബ്രിഗേഡിയര് അലക്സാണ്ടര്. അയാള് ഒരിക്കലും മകളോട് സ്നേഹമോ ഇഷ്ടമോ പ്രകടിപ്പിച്ചിട്ടില്ല. അതൊരിക്കലും മകളോടുള്ള ഇഷ്ടക്കുറവല്ല. ഒരച്ഛന് ഇങ്ങനെയൊക്കെയായിരിക്കണമെന്ന അദ്ദേഹത്തിന്റെ മുന്ധാരണയായിരുന്നു അത്,’ സഞ്ജയ് പറഞ്ഞു.
മകളോട് സ്നേഹമുണ്ടായിരുന്നിട്ടും അവള്ക്ക് തന്റെ പ്രശ്നങ്ങള് തുറന്നുപറയാന് കഴിയാത്ത അച്ഛനായിരുന്നു ബ്രിഗേഡിയര് അലക്സാണ്ടര്. മാതാപിതാക്കള് മക്കളുടെ സുഹൃത്തുക്കളായിരിക്കണമെന്ന ചിന്തയ്ക്ക് അയാളുടെ ജീവിതത്തില് ഇടമുണ്ടായിരുന്നില്ല. എന്നാല് മകള് സേറ ഒരു പ്രതിസന്ധിയില് അകപ്പെടുന്നതോടെ ഇതുവരെ പുലര്ത്തിയിരുന്ന അച്ഛന് എന്ന നിലപാടില് മാറ്റമുണ്ടാകുന്നു. മകളുടെ സുഹൃത്തായി മാറുന്ന അച്ഛനെയാണ് പിന്നീട് കാണുന്നത്.

‘അങ്ങനെയുള്ള ഒരാള് ഒരു യഥാര്ഥ പ്രശ്നത്തില് മകള് അകപ്പെടുമ്പോള്, അയാളുടെ മുന്ധാരണകളും അതുവരെയുള്ള മുഖംമൂടികളുമെല്ലാം അഴിഞ്ഞുവീഴുന്നതാണ് നോട്ട്ബുക്കിലൂടെ ഉദ്ദേശിച്ചത്. ആ സെന്സിറ്റിവിറ്റി അയാള് നേരത്തെ കാണിച്ചിരുന്നെങ്കില്, ഇങ്ങനെയൊരു പ്രശ്നമുണ്ടായപ്പോള് സേറ അദ്ദേഹത്തെ വിളിച്ചുപറയുമായിരുന്നു. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല.
ആ സിനിമയുടെ മൊത്തത്തിലുള്ള കഥ നോക്കിയാല് അറിയാം, എല്ലാവരും പല കാര്യങ്ങളും പുറത്തുപറയാന് മടിക്കുന്നവരാണ്. എവിടെയോ മാതാപിതാക്കള് സുഹൃത്തുക്കളായിരുന്നില്ല എന്നതാണ് സുരേഷേട്ടന്റെ കഥാപാത്രം നേരിടുന്ന പ്രശ്നം. അയാള് ഒരിക്കലും മകളുടെ സുഹൃത്തായിരുന്നില്ല. പിന്നീട് മകള് ഒരു പ്രതിസന്ധിയില്പ്പെട്ടപ്പോഴാണ് ആ ഫാദറില് നിന്ന് ഫ്രണ്ടിലേക്കുള്ള മാറ്റമുണ്ടാകുന്നത്,’ സഞ്ജയ് കൂട്ടിച്ചേര്ത്തു.

2006ല് പുറത്തിറങ്ങിയ ‘നോട്ട്ബുക്ക്’ കൗമാരക്കാരുടെ ജീവിതവും സൗഹൃദവും പ്രണയവും അതിനിടയില് അവര് നേരിടുന്ന പ്രതിസന്ധികളുമാണ് പ്രമേയമാക്കിയത്. റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥയൊരുക്കിയത്.
കൗമാരക്കാരുടെ ജീവിതത്തില് സംഭവിക്കുന്ന കാര്യങ്ങള് മാതാപിതാക്കളില്നിന്ന് മറച്ചുവെക്കേണ്ടിവരുന്ന സാഹചര്യങ്ങളും അവരുമായി തുറന്നുസംസാരിക്കാന് കഴിയാത്തതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
റോമ, പാര്വതി തിരുവോത്ത്, മരിയ റോയ്, സ്കന്ദ അശോക് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്. സുരേഷ് ഗോപി അവതരിപ്പിച്ച ബ്രിഗേഡിയര് അലക്സാണ്ടര് എന്ന കഥാപാത്രവും ചിത്രത്തിലെ നിര്ണായക സാന്നിധ്യമായിരുന്നു.
Parents Had to Maintain Distance and Be Strict with Their Children; Things Have Changed Since the Time of Notebook: Sanjay
