ഉയരത്തില്‍ പറന്ന് പറവയും സൗബിനും
D-Review
ഉയരത്തില്‍ പറന്ന് പറവയും സൗബിനും
ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 5:12 pm

ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★★☆

ചിത്രം: പറവ
സംവിധാനം : സൈബിന്‍ സാഹിര്‍
നിര്‍മ്മാണം : അന്‍വര്‍ റഷീദ്
ഛായാഗ്രഹണം : ലിറ്റില്‍ സ്വയംപ് പോള്‍


കൂട് വിട്ട് വാനില്‍ പറന്നുയരുന്ന പറവകളെ കണ്ടിട്ടില്ലേ.. താളത്തില്‍ ചിറകടിച്ച്, കുറുകി കൊണ്ട് പറന്നുയരുന്നവ. ആ താളത്തിനൊപ്പമാണ് സൗബിന്‍ ഷാഹിര്‍ പറവയും അണിയിച്ചൊരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ എന്ന ക്രൗഡ് പുള്ളിംഗ് പേരോ യൂത്ത് ഐക്കണ്‍ പ്രഭാവമോ അല്ലായിരുന്നു പറവയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. വേറിട്ട ശബ്ദവും സംസാര ശൈലിയും കൊണ്ട് ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സൗബിന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു എന്നതായിരുന്നു കാരണം.

സഹസംവിധായകനായി തുടങ്ങി നടനായി മാറിയ സൗബിന്‍ സംവിധായകനായി മാറുമ്പോള്‍ എന്താകുമെന്നറിയാനുള്ള കൗതുകമായിരുന്നു പറവ ആദ്യം ജനിപ്പിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പുണ്ടായിരുന്നു സൗബിന്റെ ആ വേഷ പകര്‍ച്ചയ്ക്കു പിന്നില്‍. ആ കാത്തിരിപ്പ് വെറുതെയായിട്ടില്ലെന്ന് ചിത്രം തെളിയിക്കുന്നു. അടിവരയിട്ടു തന്നെ പറയാം പറവയും സൗബിനും ഉയരത്തില്‍ തന്നെ പറക്കും.

മട്ടാഞ്ചേരിയാണ് കഥയുടെ പശ്ചാത്തലം. മട്ടാഞ്ചേരിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഗ്യാങ് വാറുകളും ചേരിപ്പോരുമൊക്കെയായിരിക്കും. അതു തന്നെയാണ് പറവയും പറയുന്നത്. സൗഹൃദങ്ങളും ഗ്യാങും ഗ്യാങ് വാറുമൊക്കെയാണ് പറവയുടെ കാഴ്ച്ചകളില്‍. പറവകളിലൂടെയാണ് ഇതെല്ലാം സൗബിന്‍ കാണിച്ചു തരുന്നത്.

ആത്മസുഹൃത്തുക്കളായ ഇര്‍ഷാദ് എന്ന ഇച്ചാപ്പി, ഹസീബ് എന്നീ പയ്യന്‍സിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പയ്യന്‍സിന്റെ ജീവിതത്തിലെ തമാശകളും പ്രാവ് സ്‌നേഹവും പ്രണയവുമെല്ലാം മനം കവരുന്നതിനൊടൊപ്പം ചിത്രത്തിലേക്ക് പ്രേക്ഷകര്‍ അറിയാതെ തന്നെ ഇന്‍വോള്‍വ് ആകുന്നു. ഇരുവരുടേയും പ്രകടനം പ്രശംസനാര്‍ഹമാണ്. സ്വാഭാവികമായും വന്നു ചേരാവുന്ന നാടകീയതയോ സഭാകമ്പമോ ഇല്ലാതെ വളരെ നാച്ച്വറലായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നു. കോമഡി കൈകാര്യം ചെയ്യുന്നതിലെ ടൈമിംഗിനും ഗിവ് ആന്റ് ടേക്കുമെല്ലാം കയ്യടിക്കാന്‍ പറയുന്നത് തന്നെയാണ്.

പിന്നീടാണ് ചിത്രത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്റെ എന്‍ട്രി. അത്രയും നേരം കഥ കൊണ്ടു പോയ രണ്ട് പയ്യന്‍മാരുടെ പ്രകടനത്തെ ഒറ്റയടിക്ക് ഇല്ലാതാക്കി കളയാന്‍ പ്രാപ്തിയുള്ളതാണ് ദുല്‍ഖറിന്റെ താരപ്രഭ. എന്നാല്‍ അങ്ങിനെയൊന്നിന് ഇടവെരുത്താതെ ദുല്‍ഖറെന്ന നടനേയും താരത്തേയും ബാലന്‍സ് ചെയ്യാന്‍ സൗബിന് കഴിഞ്ഞിട്ടുണ്ട്. 25 മിനിറ്റില്‍ കുറവ് മാത്രമാണ് ദുല്‍ഖറിന്റെ സ്‌ക്രീന്‍ പ്രസന്‍സ്. പക്ഷെ ചിത്രത്തിലേറ്റവും പ്രാധാന്യമുള്ള വേഷവും. ഈ സമയത്തിനുള്ളില്‍ തന്നെ തന്റെ കഥാപാത്രത്തെ പോലെ തന്നെ എല്ലാവരുടേയും പ്രിയപ്പെട്ട ഇക്കാക്കയായി മാറാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.

ദുല്‍ഖറും പയ്യന്‍സും കഴിഞ്ഞാല്‍ പിന്നെ പറവയിലെ മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നത് ഷൈന്‍ നിഗമാണ്. യുവത്വത്തിന്റെ ആവേശവും തമാശയും മാനസിക സംഘര്‍ഷവുമെല്ലാം ഷൈന്‍ കൃതമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം തന്റെ കഴിഞ്ഞ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പ്രേതം ഷൈനെ വിട്ട് ഇതുവരേയും പോയിട്ടില്ലെന്ന് തോന്നുന്നുണ്ട്.

 

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം സൗബിന്റേതു തന്നെയാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിടാതിരുന്നതിന് പിന്നില്‍ ഒരുപക്ഷെ സൗബിന്റെ കഥാപാത്രമായിരിക്കാം. ചിരിച്ചും ചിരിപ്പിച്ചും മാത്രം കണ്ടു ശീലിച്ചിട്ടുള്ള സൗബിന്‍ പറവയില്‍ നല്ല കട്ട വില്ലനാകുന്നു. കമ്മട്ടിപ്പാടത്തില്‍ ഒരു മിന്നായം പോലെ കടന്നു പോയ ആ പ്രകടനം കൂടുതല്‍ വിശാലമായി പറവയില്‍ ഞെട്ടിക്കുന്നു.

സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി എന്നിവരടങ്ങിയ മുതിര്‍ന്നവരുടെ ഗ്യാങും പ്രകടനം കൊണ്ടും സാന്നിധ്യം കൊണ്ടും നിറഞ്ഞു തന്നെ നില്‍ക്കുന്നുണ്ട്. ഗ്രിഗറി, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, സ്രിന്‍ഡാ, എല്ലാവരും മികച്ചു തന്നെ നില്‍ക്കുന്നു.

ചിത്രത്തിന്റെ ടൈറ്റ്ല്‍ സോംഗിന്റെ അതേ താളത്തില്‍ തന്നെ മുന്നോട്ട് ചിത്രത്തെ കൊണ്ടു പോകാന്‍ സംവിധായകന്‍ സൗബിന് സാധിച്ചപ്പോള്‍ ചിത്രത്തിനൊപ്പം സഞ്ചരിക്കുന്ന സംഗീതമൊരുക്കാന്‍ റെക്‌സ് വിജയനും കഴിഞ്ഞിട്ടുണ്ട്. ലിറ്റില്‍ സ്വായമ്പിന്റെ ക്യാമറയും മനോഹരം. മട്ടാഞ്ചേരിയുടെ തെരുവും ആകാശത്ത് പാറി പറക്കുന്ന പറവകളുമെല്ലാം സ്വായമ്പിന്റെ ക്യാമറക്കണ്ണില്‍ അതിമനോഹരമാണ്.

അല്‍പ്പമെങ്കിലും കല്ലു കടു തോന്നിയത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ ചടുലമായിരുന്ന തിരക്കഥ രണ്ടാം പകുതിയിലെത്തുമ്പോള്‍ അല്‍പ്പമൊന്ന് അയയുന്നുണ്ട്. പലപ്പോഴും ഇച്ചയുടേയും ഹസീബിന്റേയും പ്രകടനമാണ് ആ ഇഴച്ചിലില്‍ നിന്നും ചിത്രത്തെ മോചിപ്പിച്ചത്.

സംവിധായകനായുള്ള ആദ്യ വരവില്‍ സൗബിന്‍ ഷാഹിര്‍ ഒട്ടും വെറുപ്പിച്ചില്ലെന്നു മാത്രമല്ല താന്‍ ചില്ലറക്കാരനല്ലെന്ന് പറയുകയുമായിരുന്നു പറവയില്‍. പറവ പാറി പറക്കട്ടെ, ഉയരത്തില്‍ തന്നെ.