തമിഴ് സിനിമയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലാഷാണ് 2026 പൊങ്കലിന് അരങ്ങേറുന്നത്. വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ പൊങ്കലിന് റിലീസാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിജയ്‌യുമായി ആരും ക്ലാഷിന് മുതിരാത്ത തമിഴ് ഇന്‍ഡസ്ട്രിയില്‍ താരത്തിനെതിരെ ക്ലാഷിന തയാറായ ചിത്രമാണ് പരാശക്തി.
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പരാശക്തിയും വിജയ്‌യുടെ ജന നായകനും ഒന്നിക്കുമ്പോള്‍ ആരാകും വിജയിക്കുകയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ ഇരുസിനിമകളും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്. പരാശക്തിയുടെ നിര്‍മാതാക്കളായ ഡോവ്ണ്‍ പിക്‌ചേഴ്‌സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചാവിഷയമായത്.
പരാശക്തിയിലെ ആദ്യ ഗാനമായ ‘അടി അടിയേ’യുടെ ലിറിക് വീഡിയോ യൂട്യൂബില്‍ 15 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയെന്ന് പറയുന്ന പോസ്റ്റ് വൈറലായി. ‘പരാശക്തിയുടെ ആദ്യ സിംഗിള്‍ 15 മില്യണ്‍ ‘ഓര്‍ഗാനിക്’ വ്യൂസ് ലഭിച്ചു. IYKYK’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ജന നായകന്റെ ലിറിക് വീഡിയോക്ക് വ്യൂസ് കൂടിയത് ബോട്ട് ഉപയോഗിച്ചാണെന്ന് പരാശക്തിയുടെ നിര്‍മാതാക്കള്‍ ഈ പോസ്റ്റിലൂടെ പറയാതെ പറഞ്ഞിരിക്കുകയാണ്.
ഡോവ്ണ്‍ പിക്‌ചേഴ്‌സിന്റെ പോസ്റ്റിന് താഴെ വിജയ് ആരാധകര്‍ നിര്‍മാതാക്കളെ വിമര്‍ശിച്ചുകൊണ്ട് കമന്റ് പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം ആരാധകരല്ലാത്തവരും രംഗത്തെത്തുന്നുണ്ട്. ‘ഓര്‍ഗാനിക് എന്ന് പറഞ്ഞ് ഇത്രയും മികച്ച രീതിയില്‍ കളിയാക്കരുത്’ ‘ആരെയോ കുത്തി പറയുന്നതുപോലെ തോന്നുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.
തുപ്പാക്കി കൊടുത്തവനും വാങ്ങിയവനും തമ്മിലുള്ള പോരാട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിക്കുന്നത്. ദളപതിയും അടുത്ത ദളപതിയും ഏറ്റുമുട്ടുമ്പോള്‍ ആരാകും വിജയിക്കുക എന്നാണ് പലരും ചോദിക്കുന്നത്. ജനുവരി ഒമ്പതിനാണ് ജന നായകന്‍ തിയേറ്ററുകളിലെത്തുക. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പരാശക്തിയും തിയേറ്ററുകളിലെത്തും.
തമിഴ് സിനിമയിലെ ഭീമന്മാരായ റെഡ് ജയന്റാണ് പരാശക്തിയുടെ സഹ നിര്‍മാതാക്കള്‍. രണ്ട് സിനിമകള്‍ തമ്മിലുള്ള ക്ലാഷ് എന്നതിലുപരി വിജയ്‌ക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണ് ഈ ക്ലാഷെന്ന് ചിലര്‍ ആരോപിക്കുന്നു. ജന നായകന്റെ സ്‌ക്രീനുകള്‍ പരമാവധി കുറക്കാനാണ് പരാശക്തി പൊങ്കലിനെത്തുന്നതെന്ന് വിജയ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Parasakthi movie producer’s post viral