തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്ത് വന്നതിന് ശേഷം ശക്തമായ സമാന്തര നീക്കവുമായി അതൃപ്തര്‍. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖറിന് എതിരെ വലിയ പ്രചാരണമാണ് നടക്കുന്നത്. വി മുരളീധരന്റെയും കെ. സുരേന്ദ്രന്റെയും സംഘമാണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്.
ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ സേവ് ബി.ജെ.പി ഫോറം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി രാഷ്ട്രീയ വിഷയങ്ങളില്‍ പിന്നോട്ടടിക്കുന്നുവെന്നും വികസനം മാത്രം പറഞ്ഞ് മുന്നോട്ടുപോകുന്നുമെന്നാണ് പറയുന്നത്. അത് വലിയ തിരിച്ചടിയാകുമെന്നാണ് പ്രചാരണം നടക്കുന്നത്.
പാദപൂജ വിഷയം നടക്കുമ്പോള്‍ മിണ്ടാതിരുന്നതിലും രോഷം കൂടുന്നുണ്ട്. ഒപ്പം ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ശക്തമായ സമരം കൊണ്ടുവന്നപ്പോഴും രാജീവ് ചന്ദ്രശേഖര്‍ മിണ്ടിയിരുന്നില്ല.
സി. സദാനന്ദന് നേരെ കടുത്ത ആക്രമണം നടക്കുമ്പോഴും അദ്ദേഹം മിണ്ടാതിരിക്കുന്നത് മനപൂര്‍വമാണെന്നാണ് സേവ് ബി.ജെ.പി ഫോറത്തോടൊപ്പമുള്ളവര്‍ പറയുന്നത്. സദാനന്ദന്റെ നിയമനം തന്നോട് ആലോചിച്ചല്ല നടത്തിയതെന്ന കാരണത്താലാണ് അദ്ദേഹം പ്രതികരിക്കാതിരിക്കുന്നത്.
സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ നിന്ന് തഴയപ്പെട്ട നേതാക്കള്‍ പരസ്യമായിട്ടാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. ‘കേരള ബി.ജെ.പി വരിയുടക്കപ്പെട്ടോ മുതലാളി?’ എന്നാണ് സേവ് ബി.ജെ.പി ഫോറത്തിന്റെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നോമിനേറ്റ് ചെയ്തിരുന്നത്. എന്നാല്‍ കേരളത്തിന് കൊടുക്കാമെന്ന് പറഞ്ഞ രാജ്യസഭാസീറ്റിലേക്ക് വരാന്‍ സാധ്യത ഉണ്ടായിരുന്ന ആളുകള്‍ ഒരുപാട് ഉണ്ടായിരുന്നു.
അവരെയൊക്കെ മാറ്റിനിര്‍ത്തിയാണ് സി. സദാനന്ദനെ വിശിഷ്ട വ്യക്തികള്‍ക്കുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ഇതിനിടയില്‍ ഗോവ ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍ പിള്ള, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ രാജ്യസഭാ മോഹം ഇല്ലാതായി.
Content Highlight: Parallel move against BJP state president Rajeev Chandrasekhar