ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍, എസ്.ഐ.ആറിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. വെള്ളിയാഴ്ച (ഒക്ടോബര്‍ 23) ദല്‍ഹിയില്‍ ‘പീപ്പിള്‍ എഗെയ്ന്‍സ്റ്റ് എസ്.ഐ.ആര്‍ എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന നടക്കുന്ന പ്രതിഷേധ പരിപാടിയിലാണ് സി.ജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം പരകാല പ്രഭാകര്‍ വേദി പങ്കിടുക.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്, സാമൂഹ്യ പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഗണേഷ് ദെവൈ, തുഷാര്‍ ഗാന്ധി, വിദ്യാര്‍ത്ഥി നേതാക്കളായ നേഹ ബോറ, ഐഷെ ഘോഷ്, വിരാജ് ദേവാംഗ് എന്നിവരും ഈ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കും.

എസ്.ഐ.ആര്‍ നടപടി റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഈ പ്രതിഷേധത്തിന്റെ പോസ്റ്റര്‍ പ്രഭാകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഓരോ തെരുവിലും ഒരു ജന്തര്‍ മന്തര്‍! 2026 ഒക്ടോബര്‍ 23, വെള്ളിയാഴ്ച. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള ജനകീയ മാര്‍ച്ച്. നമുക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാം,’ എന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ പ്രഭാകര്‍ ഇതിന് മുമ്പും പങ്കെടുത്തിട്ടുണ്ട്. യൂട്യൂബര്‍ ധ്രുവ് റാഠി, പ്രകാശ് രാജ് തുടങ്ങിയവര്‍ക്കൊപ്പം, ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഒക്ടോബര്‍ എട്ടിന് നടന്ന സി.ജെ.പി പ്രതിഷേധത്തില്‍ പ്രഭാകറും പങ്കെടുത്തിരുന്നു.

കേന്ദ്രസര്‍ക്കാരിനെയും ഭരണ കക്ഷിയെയും പ്രഭാകര്‍ ഇതിന് മുമ്പ് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ നയങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘ദി ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ’ എന്ന തന്റെ പുസ്തകത്തില്‍, നോട്ട് നിരോധനം പോലുള്ള തീരുമാനങ്ങളെ പ്രഭാകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പുസ്തകത്തില്‍ അദ്ദേഹം രാജ്യത്തെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ ചൂണ്ടിക്കാട്ടുകയും, ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Parakala Prabhakar on Anti SIR Protest