'തെരുവുനായ ശല്യം പരിഹരിക്കാന്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം': എം.പി കാര്‍ത്തി ചിദംബരം
national news
'തെരുവുനായ ശല്യം പരിഹരിക്കാന്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം': എം.പി കാര്‍ത്തി ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 2:03 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ തെരുവുനായ ശല്യം പരിഹരിക്കാന്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരം.
വാഗ് ബക്രീ ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശായിയുടെ മരണത്തെ തുടര്‍ന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പരാമര്‍ശം.

പരാഗ് ദേശായിയെ സായാഹ്ന നടത്തത്തിനിടെ തെരുവ് നായ്ക്കള്‍ ഓടിക്കുകയും അദ്ദേഹം നിലത്ത് വീഴുകയും തുടര്‍ന്ന് തലച്ചോറിന് ക്ഷതമേല്‍ക്കുകയുമായിരുന്നു.

ഉടനടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെരുവുനായ ശല്യം പരിഹരിക്കാന്‍ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ ആവശ്യം അനിവാര്യമാണെന്ന് കാര്‍ത്തി ചിദംബരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു.

‘ധാര്‍മികവും ശാസ്ത്രീയവുമായ ഒരു സമീപനം തെരുവുനായ വിഷയത്തില്‍ ആവശ്യമാണ്. വേണ്ടത്ര സജീകരണങ്ങളില്ലാത്ത പ്രാദേശിക ഭരണകൂട അധികാരികള്‍ ഇത് ഫലവത്തായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല’, കാര്‍ത്തി ചിദംബരം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ചോദ്യമുയര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, അഹമ്മദാബാദിലെ സര്‍ഖേജ് പൊലീസ് സ്റ്റേഷനില്‍ പരാഗ് ദേശായിയുടെ അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Parag desai death, Stray dog task force is necessary