പേര് മാറി; ആലിയയെ ഐശ്വര്യയെന്ന് വിളിച്ച് പാപ്പരാസി; താരത്തിന്റെ റിയാക്ഷന്‍ വൈറല്‍
Entertainment news
പേര് മാറി; ആലിയയെ ഐശ്വര്യയെന്ന് വിളിച്ച് പാപ്പരാസി; താരത്തിന്റെ റിയാക്ഷന്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd May 2023, 9:03 am

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റായ മെറ്റ് ഗാലയില്‍ പാപ്പരാസികള്‍ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മെറ്റ് ഗാലയില്‍ ആദ്യമായി എത്തിയ ആലിയ ഭട്ടിനെ പേര് മാറി ഐശ്വര്യ റായി എന്നാണ് പാപ്പരാസി വിളിച്ചത്.

തൂവെള്ള ബാള്‍ ഗൗണ്‍ അണിഞ്ഞെത്തിയ ആലിയ വേദിയിലേക്ക് കയറുന്ന സ്റ്റെപ്പില്‍ നിന്ന് ക്യാമറകള്‍ക്ക് പോസ് കൊടുക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതിനിടക്ക് ഒരാള്‍ ‘ഐശ്വര്യ ഇതുവഴി’ ( Aishwarya this way) എന്ന് പറയുകയായിരുന്നു.

പാപ്പരാസിക്ക് പറ്റിയ അബദ്ധത്തില്‍ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മിസ് വേള്‍ഡും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നടിയുമായ ഐശ്വര്യ റായിയേയും മികച്ച ചിത്രങ്ങളിലൂടെ തന്റേതായ സിഗ്നേചര്‍ ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്തിയ ആലിയയേയും കണ്ടാല്‍ റിപ്പോര്‍ട്ടര്‍ക്ക് തിരിച്ചറിയാന്‍ മേലെ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതേസമയം സംഭവത്തെ കൂളായി നേരിട്ട ആലിയക്ക് അഭിനന്ദനങ്ങളും ഉയരുന്നുണ്ട്. പേര് മാറിപോയിട്ടും മുഖത്ത് ഭാവമാറ്റങ്ങളൊന്നുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോവുകയായിരുന്നു ആലിയ.

ബ്രഹ്‌മാസ്ത്രയാണ് ഒടുവില്‍ പുറത്തിറങ്ങിയ ആലിയയുടെ ചിത്രം. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയയുടെ പങ്കാളി കൂടിയായ രണ്‍ബീര്‍ കബൂറാണ് നായകനായത്. ഷാരൂഖ് ഖാന്‍, അമിതാഭാ ബച്ചന്‍, നാഗാര്‍ജുന, മൗനി റോയി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Paparazzi called Alia Bhatt as Aishwarya Rai, video gone viral