കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ പരിധിയില്‍ താമസമാക്കിയവര്‍ക്ക് ടോളില്‍ ഇളവ്. ടോള്‍പ്ലാസയുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പ്രത്യേക പാസ് അനുവദിക്കും. മാസത്തില്‍ ഒരിക്കല്‍ ഈ പാസ് എടുത്താല്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കും.
ദേശീയപാത അതോറിറ്റിയുടെ പ്രത്യേക പാസുള്ളവര്‍ക്കും ഫസ്റ്റാഗ് ഉപയോഗിക്കാമെങ്കിലും ഈ പാസില്‍ നിന്ന് മാത്രമായിരിക്കും തുക പിടിക്കുക. ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും ടോള്‍പ്ലാസയിലൂടെ ടോളില്ലാതെ കടന്നുപോകാന്‍ കഴിയും.
രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മാണ പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയായേക്കും. നിര്‍മാണ പ്രവര്‍ത്തികള്‍ അവസാനിച്ചാല്‍ ഓഗസ്റ്റ് 30ന് പൂര്‍ണമായി തുറന്നുകൊടുക്കും. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും.
പന്തീരാങ്കാവ് മാമ്പുഴ പാലത്തിന് സമീപം കൂടത്തുംപാറയിലാണ് ടോള്‍പ്ലാസ നിര്‍മിച്ചത്. 250 മീറ്റര്‍ അകലത്തില്‍ രണ്ട് ഭാഗങ്ങളാണ് ടോള്‍ പ്ലാസയ്ക്കുള്ളത്. ഓരോ ടോള്‍ ഗെയ്റ്റിലും അഞ്ച് ട്രാക്കുകളുണ്ട്. അഞ്ചുവീതം ട്രാക്കുകള്‍ ഉള്ളതുകൊണ്ടുതന്നെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ദേശീയപാതയ്ക്ക് മീതെ നിര്‍മിച്ച ടോള്‍പ്ലാസയിലാണ് ഓഫീസ് മുറികളുള്ളത്.
കേരളത്തിന്റെ തനതായ വാസ്തുശില്പ ശൈലിയില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ ടോള്‍പ്ലാസയാണ് കോഴിക്കോട് ബൈപ്പാസിലുള്ളത്. മോഡേണ്‍ എഞ്ചിനിയറിങ് ടെക്‌നോളജി പരമ്പരാഗതമായ ശൈലിയില്‍ ചേര്‍ത്താണ് ടോള്‍പ്ലാസ രൂപകല്‍പന ചെയ്തിരിക്കുന്നത്.