ദേശീയ താത്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന്; സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് പൂട്ടിടാൻ കേന്ദ്രം
national news
ദേശീയ താത്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന്; സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് പൂട്ടിടാൻ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2025, 7:56 am

ന്യൂദൽഹി: ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടത്താനൊരുങ്ങുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വാർത്താവിനിമയ, ഐ.ടി വകുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന പാർലമെന്ററി പാനൽ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യം അതീവ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ആശയവിനിമയ, വിവര സാങ്കേതിക വിദ്യ സ്റ്റാൻഡിങ് കമ്മിറ്റി, ചില ഓൺലൈൻ സ്ഥാപനങ്ങൾ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാരുടെയും മറ്റ് അക്കൗണ്ടുകളുടെയും വിവരങ്ങൾ ഈ മാസം എട്ടിനകം കൈമാറാനാണ് പാനൽ നിർദേശം നൽകിയിരിക്കുന്നത്.

നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ഇറക്കി. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമെന്ന് ആരോപിക്കപ്പെടുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞതിന് ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെ ഇതുവരെ എഫ്‌.ഐ.ആറുകളും ഫയൽ ചെയ്തിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, മന്ത്രി അബ്ദുള്ള തരാർ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ രാഷ്ട്രീയ നേതാക്കളുടെ എക്സ് ഹാൻഡിലുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു.

കൂടാതെ നിരവധി പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഡോൺ ന്യൂസ്, ഇർഷാദ് ഭാട്ടി, സാമ ടി.വി, എ.ആർ.ഐ ന്യൂസ്, ബി.ഒ.എൽ ന്യൂസ്, റാഫ്താർ, ദി പാകിസ്ഥാൻ റഫറൻസ്, ജിയോ ന്യൂസ്, സമാ സ്‌പോർട്‌സ്, ജി.എൻ.എൻ, ഉസൈർ ക്രിക്കറ്റ്, ഉമർ ചീമ എക്‌സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫാറൂഖ്, സുനോ ന്യൂസ്, റാസി നാമ എന്നിവയാണ് ബ്ലോക്ക് ചെയ്‌ത യൂട്യൂബ് ചാനലുകൾ.

 

Content Highlight: Panel seeks action against social media, influencers ‘working against nation’