എഡിറ്റര്‍
എഡിറ്റര്‍
‘മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തുക; ഇല്ലെങ്കില്‍ നമാസ് നടത്താന്‍ തന്നെ അനുവദിക്കില്ല’; യു.പിയില്‍ വീണ്ടും വര്‍ഗ്ഗീയ പോസ്റ്ററുകള്‍
എഡിറ്റര്‍
Monday 27th March 2017 7:23pm

ലക്‌നൗ: സംസ്ഥാനത്തെ മുസ്‌ലിമുകളോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെ ഉത്തര്‍ പ്രദേശിലെ മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. നമാസ് സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.

ബറേലിയിലെ രണ്ട് പള്ളികളിലായാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി സുഭാഷ് നഗറിലാണ് സംഭവം അരങ്ങേറിയത്. പിറ്റേ ദിവസം രാവിലെ പള്ളി തുറക്കുന്ന വേളയിലാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ടത്.

‘ മുസ്‌ലിമുകള്‍ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം. ഞങ്ങളുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ രണ്ട് പള്ളിയിലും നമാസ് നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടി എന്നു പറഞ്ഞാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

മുസ്‌ലിം പള്ളികളില്‍ വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പതിപ്പിച്ചെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് സൂപ്രണ്ട് സമീര്‍ സൗരഭ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റാരോപിതരെ ഉടനെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read:  ‘പ്രതിരോധിക്കാന്‍ കഴിയാത്ത പിഴവ്; ഇത് ന്യൂസ് പോണാഗ്രഫി’ ;മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍


നേരത്തെ, ബറേലിയിലെ ജിനംഗ്‌ല ഗ്രാമത്തിലെ മുസ്‌ലിമുകളോട് എത്രയും പെട്ടെന്നു നാടുവിടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് വാര്‍ത്തയായിരുന്നു. അമേരിക്കയില്‍ ട്രംപ് മുസ്‌ലിമുകളോട് ചെയ്യുന്നതു തന്നെ ഗ്രാമത്തിലെ ഹിന്ദുക്കള്‍ മുസ്‌ലിമുകളോട് ചെയ്യണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയുടെ ഹിന്ദു സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.

Advertisement