ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ സംഘാടകര്‍ പോലും ഫാസിസ്റ്റ് കോര്‍പ്പറേറ്റുകള്‍: സക്കറിയ
Kerala News
ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ സംഘാടകര്‍ പോലും ഫാസിസ്റ്റ് കോര്‍പ്പറേറ്റുകള്‍: സക്കറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2019, 10:41 am

രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലാകെ പടര്‍ന്നു പിടിച്ച ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ പോലും ഇന്ന് സംഘടിപ്പിക്കുന്നത് ഫാസിറ്റ് കോര്‍പ്പറേറ്റുകളാണ് എന്ന അപകടരമായ അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു എന്ന് സക്കറിയ. ആറാട്ടുപുഴയില്‍ വെച്ച് നടക്കുന്ന ഏഴാമത് പമ്പാ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി രാജീവന്‍ അധ്യക്ഷത വഹിച്ചു.

ഫാസിസത്തിനെതിരായ നമ്മുടെ പ്രതിരോധം എത്രമാത്രം ദുര്‍ബലമാണെന്ന ആശങ്കയകറ്റുന്നത് പമ്പ സാഹിത്യോത്സവം പോലെയുള്ളവയില്‍ പങ്കെടുക്കുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം രഘുനന്ദനു നല്‍കി കൊണ്ട് ബെന്യാമിന്‍ നിര്‍വഹിച്ചു. പി.സി.വിഷ്ണുനാഥ് , കല്‍പ്പറ്റ നാരായണന്‍, വിഷ്ണു മാതൂര്‍, ഡോ ചാര്‍ളി ചെറിയാന്‍, കെ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ഭരണകൂട അജണ്ടകള്‍ക്ക് വിധേയമാകാതെ നിഷ്പക്ഷമായി മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ കേരളത്തിലെ രാജ്യത്തിനാകെ മാതൃകയാണെന്ന് ‘ മാധ്യമങ്ങളുടെ ബഹുജീവിതം ഇന്ന് ‘ എന്ന സെഷനില്‍ അഭിപ്രായം ഉയര്‍ന്നു. ജോണ്‍ മുണ്ടക്കയം, എം.ജി രാധാകൃഷ്ണന്‍ , ഉണ്ണി ബാലകൃഷ്ണന്‍, സണ്ണി കുട്ടി എബ്രഹാം എന്നിവര്‍ ആ സെഷനു നേതൃത്വം നല്കി.

തുടര്‍ന്നു നടന്ന കവിത സെഷനു മംമ്ത സാഗര്‍, അനിത തമ്പി, ടി.പി രാജീവന്‍, വി.എം ഗിരിജ, ചാന്ദിനി, രേഷ്മ രമേശ്, ഹുദാഷന്‍ വാജ്‌പെയ്, ദമയന്തി നിസാല്‍, കനക ഹാമ വിഷ്ണുനാഥ്, കുഴുര്‍ വില്‍സണ്‍, അന്‍വര്‍ അലി എന്നിവര്‍ നേതൃത്വം നല്കി. ബെന്യാമിന്‍, ടി.പി രാജീവന്‍, ബി. മുരളി, മിത്ര വെങ്കടരാജ് എന്നിവര്‍ കഥ സെഷനു നേതൃത്വം നല്കി.

ഷാംങ്ങ്ഹായ് അന്താരാഷ്ട്ര മേളയിലെ അവാര്‍ഡ് ജേതാവ് ഡോ. ബിജുവിനെ സാഹിത്യോത്സവത്തില്‍ ആദരിച്ചു. പമ്പാ സാഹിത്യോത്സവം ജൂലൈ 26 നു സമാപിക്കും.